കണ്ണൂര്‍ വിമാനത്താവള ഓഹരി വില്‍പന ; ആരോപണത്തില്‍ കഴമ്പില്ലന്ന് കോടിയേരി

ന്യൂഡല്‍ഹി : കണ്ണൂര്‍ വിമാനത്താവള ഓഹരി വില്‍പനയുമായി ബന്ധപ്പെട്ട ആരോപണത്തില്‍ കഴമ്പില്ലന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

വ്യവസായി ദിനേശ് മേനോനും മാണി സി. കാപ്പനും ആരോപണം ഇതിനകം നിഷേധിച്ചുകഴിഞ്ഞു. പാലാ തെരഞ്ഞെടുപ്പ് സമയത്ത് മെനഞ്ഞെടുത്ത പ്രചാരണമാണിത്. അന്ന് അത് ഏശിയില്ല. ഇനിയും അത് ഒരുതരത്തിലും ഏശില്ല. അനാവശ്യ ആരോപണങ്ങളിലേക്ക് തന്നെ എന്തിനാണ് വലിച്ചിഴക്കുന്നതെന്നു മനസ്സിലാകുന്നില്ലന്നും കോടിയേരി ചോദിച്ചു.

മാണി സി. കാപ്പനും ദിനേശ് മേനോനും തമ്മില്‍ ചെക്ക് കേസ് നിലവിലുണ്ടെന്നും കോടിയേരി അറിയിച്ചു.

മാണി സി. കാപ്പന്‍ പണം വാങ്ങി വഞ്ചിച്ചെന്ന് മുംബൈയിലെ വ്യവസായി ദിനേശ് മേനോന്‍ വെളിപ്പെടുത്തിയിരുന്നു. ഓഹരി നല്‍കാമെന്ന് പറഞ്ഞ് നിയുക്ത പാലാ എം.എല്‍.എ മാണി സി കാപ്പന്‍ 3.5 കോടി തട്ടിയെടുത്തുവെന്നും അതില്‍ 25 ലക്ഷം മാത്രമാണ് തിരിച്ചു തന്നതെന്നും അദ്ദേഹം പറഞ്ഞു.

കാപ്പനെതിരെ സിബിഐക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ദിനേശ് മേനോന്‍ പറഞ്ഞു. അതേസമയം കോടിയേരിയുമായോ മകനുമായോ യാതൊരു പണമിടപാടുമുണ്ടായിട്ടില്ലെന്നും ദിനേശ് മേനോന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Top