സിപിഎം നേതൃയോഗം ഇന്ന്: കോടിയേരി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറിനിന്നേക്കും

Kodiyeri Balakrishanan

തിരുവനന്തപുരം: വിവിധ വിവാദങ്ങളില്‍പ്പെട്ട് സര്‍ക്കാര്‍ ആടിയുലയുന്നതിനിടെ സിപിഎം നേതൃയോഗങ്ങള്‍ ഇന്ന് ചേരും. ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസും ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയും പാര്‍ട്ടിയെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം, പിന്നാലെ പാര്‍ട്ടിയെ അടിമുടി പ്രതിസന്ധിയിലാക്കി ഉയര്‍ന്ന് വന്ന ബിനോയ് കോടിയേരിക്കെതിരായ പരാതി ,എം.വി ഗോവിന്ദന്റെ ഭാര്യയും ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണുമായ പി.കെ ശ്യാമള ആരോപണങ്ങള്‍ നേരിടുന്ന പ്രവാസി വ്യവസായിയുടെ ആത്മഹത്യ. സിപിഎം സമീപകാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് പാര്‍ട്ടി യോഗങ്ങള്‍ ചേരുന്നത്.

അതേസമയം ബിനോയിക്കെതിരെ കുരുക്ക് മുറുകുമ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും മാറിനില്‍ക്കും എന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്.ബിനോയ് കോടിയേരിക്കെതിരായ ബീഹാര്‍ സ്വദേശിയുടെ പരാതിയില്‍ അന്വേഷണം എകെജി സെന്റര്‍ വരെ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ അവധിയെടുത്ത് മാറി നില്‍ക്കാം എന്ന നിലപാട് കോടിയേരി ബാലകൃഷ്ണന്‍ എടുത്തതായാണ് സൂചന. എന്നാല്‍ മറ്റ് സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വിയോജിപ്പുണ്ട്. ബിനോയിക്കെതിരായ ആരോപണങ്ങള്‍ വ്യക്തിപരമായി തന്നെ നേരിടട്ടെയെന്നാണ് പാര്‍ട്ടി നിലപാട്. കോടിയേരിയെ വേട്ടയാടേണ്ട എന്ന നേതാക്കളുടെ നിലപാടിലും സന്ദേശം വ്യക്തമാണ്.

ഇന്ന് സെക്രട്ടറിയേറ്റും നാളെ സംസഥാന സമിതിയും ചേരും. തെരഞ്ഞെടുപ്പ് അവലോകനമാകും പ്രധാന ചര്‍ച്ചയെങ്കിലും പാര്‍ട്ടിയെ കുരുക്കിലാക്കുന്ന വിഷയങ്ങള്‍ യോഗങ്ങളില്‍ ഉയര്‍ന്നേക്കും.

Top