‘എന്തൊരു കോപ്രായമാണ്’; രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് കോടിയേരി

Kodiyeri Balakrishanan

കോഴിക്കോട്: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തീരുമാനമാകാത്തതില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്.

സ്വന്തം പാര്‍ട്ടിയുടെ ദേശീയ അദ്ധ്യക്ഷന്‍ എവിടെ മത്സരിക്കണമെന്ന കാര്യത്തില്‍ പോലും ഉറപ്പില്ലാത്ത പാര്‍ട്ടിയാണോ കോണ്‍ഗ്രസെന്ന് കോടിയേരി ചോദിച്ചു. ഒരു തെരഞ്ഞെടുപ്പ് കാലത്തും ഇതു പോലെ ഒരു കോപ്രായം കണ്ടിട്ടില്ലെന്നും ഇത് എന്തൊരു കോപ്രായമാണെന്നും കോടിയേരി ചോദിച്ചു.

12,000 രൂപ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് നല്‍കുമെന്ന പ്രഖ്യാപനം പുതിയതല്ലെന്നും ദിവസം 18,000 രൂപ വേതനം ഉറപ്പാക്കിയ സംസ്ഥാനമാണ് കേരളമെന്നും ഈ കേരളത്തില്‍ വന്ന് ഇത്തരം പ്രഖ്യാപനം നടത്തിയാല്‍ ആരാണ് വോട്ട് ചെയ്യുകയെന്നും മിനിമം വേതനം എന്ന, തൊഴിലാളി സംഘടനകള്‍ മുന്നോട്ടുവെച്ച ആവശ്യം പോലും അംഗീകരിക്കാതെയാണ് ഇത്തരമൊരു വാഗ്ദാനം മുന്നോട്ടുവയ്ക്കുന്നതെന്നും കോടിയേരി പരിഹസിച്ചു.

വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനം ഇന്ന് ഉണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, വയനാട്ടില്‍ നിന്ന് മത്സരിക്കുമോ എന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളോടാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, പ്രകടന പത്രികയുടെ വിശദാംശങ്ങള്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. മിനിമം വരുമാന പദ്ധതിയാണ് രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്തത്. ഒരു മാസം 6000-മുതല്‍ 12000 രുപ വരെയുള്ള വരുമാന പദ്ധതിയാണ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. പാവപ്പെട്ട ഇരുപത് ശതമാനം ആളുകള്‍ക്ക് ഇത് ഗുണം ചെയ്യുന്നതാണ്.

Top