കോണ്‍ഗ്രസും ബിജെപിയും കേന്ദ്രീകരിച്ചത് വിശ്വാസികളെ കബളിപ്പിച്ച് വോട്ടുപിടിക്കാനെന്ന് കോടിയേരി

Kodiyeri Balakrishanan

തിരുവനന്തപുരം: കോണ്‍ഗ്രസിനും ബിജെപിയ്ക്കുമെതിരെ ആഞ്ഞടിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കോണ്‍ഗ്രസും ബിജെപിയും കേന്ദ്രീകരിച്ചത് വിശ്വാസികളെ കബളിപ്പിച്ച് ഇടതുപക്ഷത്തിനെതിരെ വോട്ടുപിടിക്കാനാണെന്നും വിശ്വാസികളില്‍ മഹാഭൂരിപക്ഷവും എല്‍ഡിഎഫിനൊപ്പമാണെന്ന കാര്യം പ്രചാരണ ഘട്ടത്തില്‍ വ്യക്തമായെന്നും കോടിയേരി പറയുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കോടിയേരി ഇക്കാര്യം പറഞ്ഞത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കോണ്‍ഗ്രസും ബിജെപിയും കേന്ദ്രീകരിച്ചത് വിശ്വാസികളെ കബളിപ്പിച്ച്‌ ഇടതുപക്ഷത്തിനെതിരെ വോട്ടുപിടിക്കാനാണ്.

വിശ്വാസികളില്‍ മഹാഭൂരിപക്ഷവും എല്‍ഡിഎഫിനൊപ്പമാണെന്ന് പ്രചാരണ ഘട്ടത്തില്‍ വ്യക്തമായി. ശബരിമലയുടെ പേരില്‍ ഉയര്‍ത്തിയ വിവാദം വര്‍ഗീയ വികാരം ഇളക്കിവിടാനാണ് ഇരുകൂട്ടരും ശ്രമിച്ചതെന്ന് ജനങ്ങള്‍ക്ക് ബോധ്യമായി കഴിഞ്ഞു.

വിവിധ സമുദായ സംഘടനകളുടെ പിന്തുണ ശ്രദ്ധേയമാണ്. എസ്‌എന്‍ഡിപി , കെപിഎംഎസ്, വിശ്വകര്‍മസഭ തുടങ്ങിയ സംഘടനകള്‍ സര്‍ക്കാരിന്റെ നവോത്ഥാന മൂല്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉറച്ച പിന്തുണയാണ് നല്‍കിയത്. ഇതെല്ലാം വിശ്വാസികളില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം സൃഷ്ടിക്കാനുള്ള ശ്രമം ഫലിച്ചില്ലെന്നതിന് തെളിവാണ്.

മാത്രവുമല്ല, എല്‍ഡിഎഫിനെ കാലാകാലങ്ങളില്‍ എതിര്‍ത്തുവന്നിരുന്ന ചിലര്‍ ഇപ്പോള്‍ അനുകൂല നിലപാട് സ്വീകരിച്ചു. നവോത്ഥാന മൂല്യങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തിന് ഇടതുപക്ഷം നേതൃത്വം നല്‍കിയതോടെ കേരളത്തിന്റെ മതേതര മനസ്സ് പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പ്രസ്ഥാനമായി എല്‍ഡിഎഫ് മാറി.

സമുദായ സംഘടനകളില്‍ എന്‍എസ്‌എസ് മാത്രമാണ് വിശ്വാസത്തിന്റെ പേരില്‍ ചില എതിര്‍പ്പ് പ്രകടിപ്പിച്ചത്. എന്നാല്‍, അവസാന ഘട്ടത്തില്‍ മൂന്ന് മുന്നണികളെയും കുറ്റപ്പെടുത്തി സമദൂരം എന്ന നിലപാട് അവര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. ഇതോടെ എന്‍എസ്‌എസിലെ സാധാരണക്കാരായ ജനങ്ങള്‍ എല്‍ഡിഎഫ് അനുകൂല നിലപാട് സ്വീകരിക്കുന്ന അവസ്ഥ സംജാതമായി.

ഇതൊക്കെ ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.

Top