‘എല്ലാ വികസന പ്രവര്‍ത്തനങ്ങളെയും പ്രതിപക്ഷം തടസ്സപ്പെടുത്തുന്നു’: കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: പ്രതിപക്ഷം കേരളത്തെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇ.എം.എസ് ദിനാചരണത്തിന്റെ ഭാഗമായി നിയമസഭാവളപ്പിലെ ഇ.എം.എസ് പ്രതിമയ്ക്ക് മുന്നില്‍ നടന്ന അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

‘എല്ലാ വികസന പ്രവര്‍ത്തനങ്ങളെയും പ്രതിപക്ഷം തടസ്സപ്പെടുത്തുകയാണ്. ഇങ്ങനെയൊരു പ്രതിപക്ഷം കേരളത്തില്‍ എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ യു.ഡി.എഫ് അധികാരത്തിലിരിക്കുന്ന സമയത്ത് ഇടതുപക്ഷം ഇതുപോലെയൊരു നിലപാട് സ്വീകരിച്ചിട്ടില്ല. ഹൈസ്പീഡ് റെയില്‍ കോറിഡോര്‍ എന്ന നിര്‍ദേശം ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ മുന്നോട്ടു വെച്ചപ്പോള്‍ ഇടതുപക്ഷം എതിര്‍ത്തിട്ടില്ല. പക്ഷെ, അവര്‍ക്കും ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

പുതിയ വികസന പദ്ധതികള്‍ നിങ്ങള്‍ ചെയ്യേണ്ട എന്ന നിലപാട് സ്വീകരിക്കുന്നവരെക്കുറിച്ച് കേരളത്തിലെ ജനങ്ങള്‍ ചിന്തിക്കണം. ഇതിന്റെ പേരില്‍ തെറ്റിദ്ധാരണ പരത്തി സംഘര്‍ഷവും കലാപവുമുണ്ടാക്കി കേരളത്തെ കലാപഭൂമിയാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. കോണ്‍ഗ്രസും ബി.ജെ.പിയും ജമാഅത്തെ ഇസ്‌ലാമിയും എസ്.ഡി.പിയുമെല്ലാം യോജിച്ചാണ് ഇത് ചെയ്യുന്നത്. കേരളത്തെ കലാപ ഭൂമിയാക്കാനുള്ള ശ്രമം ജനങ്ങള്‍ പരാജയപ്പെടുത്തണം. ജനങ്ങളെ അണിനിരത്തി വികസനപദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകും. എതിര്‍പ്പ് പല കാര്യത്തിലും ഉണ്ടാകും. എതിര്‍പ്പുകള്‍ കൊണ്ട് പദ്ധതി മാറ്റിവെക്കാനാവില്ല.

ഉന്നയിക്കുന്ന എതിര്‍പ്പുകളില്‍ വല്ല വസ്തുതയും ഉണ്ടോ എന്ന് സര്‍ക്കാര്‍ പരിശോധിക്കും. പരിശോധിച്ചപ്പോള്‍ മനസ്സിലായത് എതിര്‍പ്പിനുള്ള എതിര്‍പ്പ് മാത്രമാണിത്. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ കല്ലിടുന്ന സ്ഥലത്ത് പോയി കോണ്‍ഗ്രസുകാര്‍ കല്ല് വാരിക്കൊണ്ടുപോവുകയാണ്. കുറച്ചു കല്ല് കൊണ്ടുപോയി എന്നുകരുതി പദ്ധതി തടയാന്‍ സാധിക്കില്ല. നശീകരണ രീതിയിലാണ് പ്രതിപക്ഷം പ്രവര്‍ത്തിക്കുന്നത്’ -കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Top