ചെന്നിത്തലയുടെ നിലപാട് സോണിയാ ഗാന്ധി തള്ളിക്കളഞ്ഞത് സ്വാഗതാര്‍ഹമെന്ന് കോടിയേരി

Kodiyeri Balakrishanan

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ ഹൈക്കമാന്റിന്റെ നിലപാട് തള്ളിയാണ് രമേശ് ചെന്നിത്തല പ്രവര്‍ത്തിക്കുന്നത്. പുതിയൊരു കേരള കോണ്‍ഗ്രസിനാണ് ചെന്നിത്തല ശ്രമിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ശബരിമല യുവതീ പ്രവേശനത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ നിലപാട് സോണിയാഗാന്ധി തള്ളിക്കളഞ്ഞത് സ്വാഗതാര്‍ഹമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ വിശ്വസികളായസ്ത്രീകള്‍ക്ക് കയറാമെന്ന വി മുരളീധരന്റെ പ്രസ്താവന ബിജെപിക്കേറ്റ തിരിച്ചടിയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ശബരിമലയുടെ പേരില്‍ കലാപമുണ്ടാക്കാന്‍ ബിജെപി ആര്‍എസ്എസ് ശ്രമം നടത്തുകയാണ്. ശബരിമലയെ തകര്‍ക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്.

ഉത്തരേന്ത്യയില്‍ നുണകള്‍ പ്രചരിപ്പിക്കാന്‍ ആര്‍എസ്എസ് ചില മാധ്യമങ്ങളെ കൂട്ടുപിടിച്ചു. കേരളത്തില്‍ നവോത്ഥാന മൂല്യങ്ങള്‍ മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും ഉയര്‍ത്തി പിടിച്ചു. അതുകൊണ്ടാണ് ഭയപ്പെടുത്തി കീഴ്പ്പെടുത്താന്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുന്നത്. കേരളത്തില്‍ നടക്കുന്ന ആക്രമണത്തെ അപലപിക്കാന്‍ കോണ്‍ഗ്രസും യുഡിഎഫും തയ്യാറായില്ല. ഇത് രാഷ്ട്രീയ അപചയം ആണ്. ഓര്‍ഡിനന്‍സിനായി പ്രധാനമന്ത്രിയെ യുഡിഎഫ് എംപിമാര്‍ കാണുന്നത് ആര്‍എസ്എസിനെ സഹായിക്കാനാണ്. വിശ്വാസത്തിന്റെ പേര് പറഞ്ഞ് ലീഗും കോണ്‍ഗ്രസും ബിജെപിയും ഒരുമിക്കുന്നതായും അദ്ദേഹം വിമര്‍ശിച്ചു.

രണ്ടാം വിമോചന സമരത്തെ എന്‍എസ്എസ് അംഗീകരിക്കില്ല. എന്‍എസ്എസിന്റെ നിലപാടുകള്‍ താല്‍ക്കാലികമാണ്. അത് സ്ഥിരമായി നില്‍ക്കുന്നതല്ല. മുഖ്യമന്ത്രിയുടെ ജാതിപറഞ്ഞ് ആക്ഷേപിക്കാന്‍ ശ്രമം നടക്കുകയാണ്. ജാതീയമായ ധ്രുവീകരണത്തിനാണ് ശ്രമം നടക്കുന്നത്. എന്നാല്‍ അത് കേരളത്തില്‍ നടക്കില്ല എന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

വനിതാ മതില്‍ വന്‍ വിജയമായിരുന്നു, സാധാരണ എല്‍ഡിഎഫ് പരിപാടിയില്‍ പങ്കെടുക്കാത്തവര്‍ വരെ വനിതാ മതിലില്‍ പങ്കെടുത്തു. നായര്‍ സമുദായ അംഗങ്ങളും ന്യൂനപക്ഷ സമുദായ അംഗങ്ങളും ധാരാളമായി പങ്കെടുത്തുവെന്നാണ് ജില്ലകളുടെ റിപ്പോര്‍ട്ട്. ഇപ്പോള്‍ രൂപീകരിച്ച നവോത്ഥാന മൂല്യ സംരക്ഷണ സമതി വിപുലീകരിക്കും. കൂടുതല്‍ സംഘടനകള്‍ വരാനായി സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും കോടിയേരി വ്യക്തമാക്കി.

Top