തെറ്റായ സന്ദേശം നല്‍കി; അമൃതാനന്ദമയിക്ക് എതിരെ വീണ്ടും ആഞ്ഞടിച്ച് കോടിയേരി

Kodiyeri Balakrishanan

തിരുവനന്തപുരം:മാതാ അമൃതാനന്ദമയിക്കെതിരെ വീണ്ടും വിമര്‍ശനമാവര്‍ത്തിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസ് സംഘടിപ്പിച്ച അയ്യപ്പ സംഗമത്തില്‍ അമൃതാനന്ദമയി പങ്കെടുത്തത് തെറ്റായ സന്ദേശം നല്‍കിയെന്ന് കോടിയേരി പറഞ്ഞു. മഠം രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കണമെന്നും കോടിയേരി പറഞ്ഞു. തിരുവനന്തപുരത്ത് ബിജെപി വിട്ട് സിപിഎമ്മിനൊപ്പം ചേര്‍ന്നവര്‍ക്ക് നല്‍കിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.

ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസും ബി ജെ പിയും ഒത്തുകളിക്കുന്നുവെന്നും കോടിയേരി വിമര്‍ശിച്ചു. ബി ജെ പിക്ക് ബദല്‍ കോണ്‍ഗ്രസല്ലെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മതേതര മുന്നണി അധികാരത്തില്‍ വരുമെന്നും കോടിയേരി പറഞ്ഞു. അയ്യപ്പ സംഗമത്തില്‍ സ്വാമി ചിദാനന്ദപുരി നടത്തിയത് കമ്യൂണിസ്റ്റ് വിരുദ്ധ പ്രസംഗമാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

അമൃതാനന്ദമയി കര്‍മ്മ സമിതിയുടെ ശബരിമല പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നത് യുക്തിരഹിതമാണെന്ന് കോടിയേരി നേരത്തെ വിമര്‍ശിച്ചിരുന്നു. ആത്മീയ ആള്‍ ദൈവങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ഉത്തരേന്ത്യയില്‍ പതിവായിക്കഴിഞ്ഞു. കേരളത്തില്‍ അത്തരമൊരു സാഹചര്യം ഉണ്ടാക്കാന്‍ ഇടത് മുന്നണി അവസരമൊരുക്കില്ലെന്നും കോടിയേരി നേരത്തെ വിമര്‍ശനമുന്നയിച്ചു.

Top