എ കെ ആന്റണിയുടെ വിലയിരുത്തല്‍ ശുദ്ധ അസംബന്ധവും രാഷ്ട്രീയ പാപ്പരത്തവും: കോടിയേരി

kodiyeri balakrishnan

തിരുവനന്തപുരം : സിപിഐ എമ്മിന് ഇഷ്ടം നരേന്ദ്രമോദിയുടെ ഭരണ തുടര്‍ച്ചയാണെന്ന എ കെ ആന്റണിയുടെ വിലയിരുത്തല്‍ ശുദ്ധ അസംബന്ധവും രാഷ്ട്രീയ പാപ്പരത്തവുമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

സിപിഐ എം പിന്തുണയോടെ അധികാരത്തില്‍ വന്ന യുപിഎ മന്ത്രിസഭയില്‍ അംഗമായിരുന്ന എ കെ ആന്റണി സിപിഐ എമ്മിനെക്കുറിച്ച് ഇത്തരം ഒരാശയം പ്രചരിപ്പിക്കുന്നത് ബോധപൂര്‍വമാണ്. കോണ്‍ഗ്രസ്സിന്റെ കൂടെചേരാത്തവരെല്ലാം ബിജെപിയ്ക്ക് അനുകൂലമാണെന്ന് പ്രചരിപ്പിച്ച് മതന്യൂനപക്ഷങ്ങളെയും മതനിരപേക്ഷ ശക്തികളെയും ആശയക്കുഴപ്പത്തിലാക്കാനാണ് എ കെ ആന്റണി രംഗത്തിറങ്ങിയിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2004ല്‍ ബിജെപി അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ സിപിഐ എം, യുപിഎയ്ക്ക് പിന്തുണ നല്‍കിയപ്പോള്‍ ഈ പിന്തുണ ഉപയോഗിച്ച് സംഘപരിവാറിനെ ഒറ്റപ്പെടുത്താന്‍ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് എകെ ആന്റണി വ്യക്തമാക്കണം. അമേരിക്കന്‍ സാമ്രാജത്വവുമായുള്ള തന്ത്രപരമായ ബന്ധം സ്ഥാപിക്കാന്‍ മിനിമം പരിപാടിപോലും ലംഘിച്ച് ഉദാരവല്‍ക്കരണ സാമ്പത്തിക നയം നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ കോണ്‍ഗ്രസ്സ് ഉപയോഗിച്ചതാണ് യുപിഎ ഇടതുപക്ഷ സംവിധാനം തകരാന്‍ ഇടയാക്കിയത്. ഇതിന് ഉത്തരവാദി കോണ്‍ഗ്രസ്സാണെന്നും കോടിയേരി വ്യക്തമാക്കി.

Top