വര്‍ഗീയ കലാപത്തിന് വഴിമരുന്നിടുകയാണെന്ന പ്രസ്താവന; സുകുമാരന്‍ നായര്‍ക്ക് മറുപടിയുമായി കോടിയേരി

തിരുവനന്തപുരം: സര്‍ക്കാര്‍ വര്‍ഗീയ കലാപത്തിന് വഴിമരുന്നിടുകയാണെന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ വിമര്‍ശനത്തിന് മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശരിദൂരം നിലപാട് എന്‍.എസ്.എസ് പുന:പരിശോധിക്കണമെന്നും, സമുദായത്തിലെ അംഗങ്ങള്‍ ആഗ്രഹിക്കുന്ന നിലപാടല്ല എന്‍.എസ്.എസ് സ്വീകരിച്ചതെന്നും കോടിയേരി കുറ്റപ്പെടുത്തി.ശത്രുപക്ഷത്തെ സംഘടനയായി എന്‍.എസ്.എസിനെ കാണുന്നില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എന്‍.എസ്.എസിന്റെ ആശങ്കകള്‍ക്ക് സര്‍ക്കാര്‍ ആവശ്യമായ പരിഗണന നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ സവര്‍ണ്ണ, അവര്‍ണ്ണ ജാതികള്‍ക്കിടയില്‍ വേര്‍തിരിവുണ്ടാക്കി, സര്‍ക്കാര്‍ വര്‍ഗീയ കലാപത്തിന് വഴിമരുന്നിടുകയാണെന്നാണ് സുകുമാരന്‍ നായര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ‘അവര്‍ണ-സവര്‍ണ വേര്‍തിരിവിലൂടെ കേരളത്തില്‍ വര്‍ഗീയ കലാപത്തിന് വഴിയൊരുക്കുകയാണ് യഥാര്‍ത്ഥത്തില്‍ ഈ സര്‍ക്കാരിന്റെ തലപ്പത്തിരിക്കുന്നവര്‍ ചെയ്യുന്നത്. പിന്നാക്ക വിഭാഗങ്ങള്‍ക്കും പട്ടിക ജാതി വിഭാഗങ്ങള്‍ക്കും വേണ്ടി മാത്രം നിലകൊണ്ടാല്‍ അവരുടെ വോട്ട് നോടാം എന്നാണ് സര്‍ക്കാര്‍ കരുതുന്നത്. മുന്നാക്ക വിഭാഗം എണ്ണത്തില്‍ കുറവാണ് എന്നതാണ് ഇതിന് കാരണം. മുന്നാക്ക സമുദായങ്ങളിലെ പാവങ്ങള്‍ക്ക് മുന്‍ കാലങ്ങളില്‍ ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ പോലും ഇപ്പോഴത്തെ സര്‍ക്കാര്‍ അട്ടിമറിച്ചു. എല്ലാ ആനുകൂല്യങ്ങളും എപ്പോഴും പറ്റുന്ന വിഭാഗങ്ങളെ സന്തോഷിപ്പിക്കാന്‍ കൂടിയാണ് ഇത് ചെയ്യുന്നത്. സംസ്ഥാന മുന്നാക്ക ക്ഷേമ കോര്‍പ്പറേഷന്‍ വഴി നല്‍കി വന്നിരുന്ന ധനസഹായങ്ങള്‍ക്കായി അനുവദിച്ചിരുന്ന പണം കഴിഞ്ഞ രണ്ട് വര്‍ഷമായി സര്‍ക്കാര്‍ തടഞ്ഞ് വെച്ചിരിക്കയാണ്. 50 കോടിയില്‍ കൂടുതല്‍ രൂപയാണ് ഇങ്ങനെ തടഞ്ഞു വെച്ചിരിക്കുന്നത്’- എന്നീ വിമര്‍ശനങ്ങളാണ് സുകുമാരന്‍ നായര്‍ കഴിഞ്ഞ ദിവസം ഉന്നയിച്ചത്.

Top