അര്‍ഹതയുള്ള അംഗീകാരമാണ് ഇന്ദ്രന്‍സിനെ തേടിയെത്തിയതെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: അര്‍ഹതയുള്ള അംഗീകാരമാണ് ഇന്ദ്രന്‍സിനെ തേടിയെത്തിയതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ടിവി ചന്ദ്രന്‍ അധ്യക്ഷനായ ജൂറി, അഭിനന്ദനാര്‍ഹാമായ രീതിയില്‍ വിധി നിര്‍ണയിച്ചുവെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിലൂടെയും മികച്ച മാതൃക സൃഷ്ടിച്ചിരിക്കുകയാണെന്നും കോടിയേരി തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

സംസ്ഥാന സര്‍ക്കാറിന്റെ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു. പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായ എല്ലാ അഭിനേതാക്കള്‍ക്കും മറ്റ് കലാകാരന്മാര്‍ക്കും സാങ്കേതിക വിദഗ്ദര്‍ക്കും അഭിനന്ദനങ്ങള്‍, അഭിവാദ്യങ്ങള്‍. ഏറെ പ്രിയപ്പെട്ട ഇന്ദ്രന്‍സ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടതില്‍ ഒത്തിരി ആഹ്ലാദമുണ്ട്. അര്‍ഹതയ്ക്കുള്ള അംഗീകാരമാണ് അദ്ദേഹത്തെ തേടി എത്തിയത്.

മികച്ച നടിയായ പാര്‍വ്വതിയ്ക്കും സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയ്ക്കും, തിരക്കഥാകൃത്ത് സജീവ് പാഴൂരിനും, ഗാനരചയിതാവ് പ്രഭാവര്‍മ്മയ്ക്കും, സംഗീതസംവിധായകന്‍ എംകെ അര്‍ജുനനും, മികച്ച സ്വഭാവ നടന്‍ അലന്‍സിയറിനും, സ്വഭാവ നടി പോളി വല്‍സനും, കഥാകൃത്ത് എംഎ നിഷാദിനും, ബാലതാരങ്ങളായ മാസ്റ്റര്‍ അഭിനന്ദിനും നക്ഷത്രയ്ക്കും മികച്ച ഗായകന്‍ ഷഹബാസ് അമനും, ഗായിക സിതാര കൃഷ്ണകുമാറിനും, മികച്ച ക്യാമറമാന്‍ മനേഷ് മാധവനും, പശ്ചാത്തല സംഗീതമൊരുക്കിയ ഗോപീസുന്ദറിനും പുരസ്കാരം ലഭിച്ച മറ്റെല്ലാ പ്രതിഭകള്‍ക്കും അഭിനന്ദനങ്ങള്‍.

ടി വി ചന്ദ്രന്‍ അധ്യക്ഷനായ ജൂറി, അഭിനന്ദനാര്‍ഹാമായ രീതിയില്‍ വിധി നിര്‍ണയിച്ചു എന്നതും പറയാതെ വയ്യ. എല്‍ഡിഎഫ് സര്‍ക്കാര്‍ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിലൂടെയും മികച്ച മാതൃക സൃഷ്ടിച്ചിരിക്കുന്നു, കോടിയേരി കൂട്ടിച്ചേര്‍ത്തു.

Top