മോദി വന്ന് ശബരിമല സുരക്ഷിതമെന്ന് മനസിലാക്കണം,ആ ദുര്‍മേദസൊന്ന് കുറയട്ടെ;കോടിയേരി

Kodiyeri Balakrishanan

തിരുവനന്തപുരം ; കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നില്‍ കുത്തിയിരിപ്പ് സമരമാണ് നടത്തേണ്ടതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സുപ്രീം കോടതി വിധി നടപ്പാക്കേണ്ടെന്ന് മോദി പറയട്ടെയെന്നും കോടിയേരി അറിയിച്ചു.

ആ വലിയ തടിയും കൊണ്ട് അമിത് ഷാ ശബരിമലയില്‍ വരട്ടെ, മോദിയും വന്ന് ശബരിമല സുരക്ഷിതമെന്ന് മനസിലാക്കണം. ആ ദുര്‍മേദസൊന്ന് കുറയട്ടെയെന്നും കോടിയേരി പരിഹസിച്ചു. നാമജപം നടത്തി ബസിന് കല്ലെറിഞ്ഞാല്‍ കേസെടുക്കേണ്ടി വരും. ശബരിമലയുടെ പേര് പറഞ്ഞ് കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു.

മാറുമറയ്ക്കല്‍ സമരത്തിനെതിരെ സ്ത്രീകളെ തന്നെ ഒരു കാലത്ത് രംഗത്തിറക്കിയിരുന്നു. സതി നിരോധത്തിനെതിരെയും സ്ത്രീകളെ രംഗത്തിറക്കിയിട്ടുണ്ടെന്ന് ചരിത്രം തെളിയിക്കുന്നു. എപ്പോഴൊക്കെ മാറ്റങ്ങള്‍ക്കു ശ്രമിച്ചിട്ടുണ്ടോ അപ്പോഴല്ലാം പ്രക്ഷോഭമുണ്ടായിട്ടുണ്ടെന്നും കോടിയേരി ചൂണ്ടികാട്ടി.

കലാപമുണ്ടാക്കാന്‍ ബിജെപിയും ആര്‍ എസ് എസും ആള്‍ക്കാരെ റിക്രൂട്ട് ചെയ്തിരിക്കുന്നു. 50,000 പേരെയാണ് റിക്രൂട്ട് ചെയ്തിരിക്കുന്നത്. സ്ത്രീകളെയും കുട്ടികളെയും കവചമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സുപ്രീം കോടതി വിധി സ്വീകരിച്ച സി പി എം ഇതു വരെ സര്‍ക്കുലര്‍ ഇറക്കിയിട്ടില്ല. ജനാധിപത്യ മഹിള അസോസിയേഷന്‍ 5000 പേരെ വച്ച് ദിവസവും തിരുമാനിച്ചാല്‍ സ്ത്രീകള്‍ ശബരിമലയില്‍ കയറില്ലെന്നാണോ കരുതുന്നതെന്നും കോടിയേരി ചോദിച്ചു.

സി പി എം ഗുരുസ്വാമിമാരെ തീരുമാനിച്ചിട്ടില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി ഗുരുസ്വാമിമാരായി ആളുകളെ നിയമിച്ചിട്ടില്ല. പൊലീസിനെ ഇടിക്കാന്‍ വേണ്ടിയാണ് ഉരിച്ച തേങ്ങ സംഘപരിവാര്‍ ഉപയോഗിക്കുന്നത്. നേരത്തെ കലാപമുണ്ടാക്കാന്‍ ശ്രമിച്ചത് കൊണ്ടാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം ചൂണ്ടികാട്ടി.

സംസ്ഥാനത്ത് വീണ്ടും കോ ലി ബി സംഖ്യം രൂപപ്പെടുന്നുതായും കോടിയേരി പറഞ്ഞു. ശബരിമലയില്‍ പോകുന്നതില്‍ ഏറിയപങ്കും സി പി എം പ്രവര്‍ത്തകരാണ്. വിശ്വാസി – അവിശ്വാസിയെന്ന് സംസ്ഥാനത്തെ ജനങ്ങളെ വേര്‍തിരിക്കാന്‍ ശ്രമം നടക്കുന്നു. വിശ്വാസികള്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കില്ലെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല. വിശ്വാസികളാകും ബി ജെ പി യെ തറപറ്റിക്കുന്നതെന്ന് കേരളം തെളിയിക്കും.

സവര്‍ണ ചിന്താഗതിയുള്ള ഒരു ന്യൂനപക്ഷമാണ് ശബരിമലയിലെ സമരത്തിന് പിന്നില്‍, അയ്യപ്പനെ ഉപയോഗിച്ച് ധ്രുവീകരണമുണ്ടാക്കാമെന്ന് ആരും കരുതേണ്ടെന്നും കോടിയേരി വ്യക്തമാക്കി.

Top