ഷുഹൈബ് വധക്കേസില്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് പങ്കുണ്ടെങ്കില്‍ കര്‍ശന നടപടിയെന്ന് കോടിയേരി

Kodiyeri Balakrishanan

തിരുവനന്തപുരം: ഷുഹൈബ് വധക്കേസില്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് പങ്കുണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യഥാര്‍ഥ പ്രതികളെ പൊലീസ് കണ്ടെത്തട്ടേയെന്നും കോടിയേരി പറഞ്ഞു.

കൊലപാതകത്തെ പാര്‍ട്ടി അപലപിക്കുന്നു. കസ്റ്റഡിയിലുള്ളവര്‍ പ്രതികളല്ലെന്നും , പൊലീസിന്റെ ശല്യം സഹിക്കാനാകാതെയാണ് ഇവര്‍ കീഴടങ്ങിയതെന്നും കോടിയേരി അറിയിച്ചു.

അതേസമയം കീഴടങ്ങിയവര്‍ക്ക് മകനുമായി ബന്ധമില്ലെന്ന് ഷുഹൈബിന്റെ പിതാവ് പറഞ്ഞിരുന്നു. പൊലീസില്‍ തനിക്ക് വിശ്വാസമില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും മുഹമ്മദ് പറഞ്ഞു. യഥാര്‍ഥ പ്രതികള്‍ തന്നെയാണോ കസ്റ്റഡിയിലുള്ളതെന്ന് സംശയമുണ്ട്. ഇവര്‍ക്ക് എടയന്നൂരുമായി ബന്ധമില്ലെന്നും ഷുഹൈബിന്റെ പിതാവ് വ്യക്തമാക്കി.

കേസില്‍ രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകനെ വധിച്ച കേസില്‍ പ്രതികളായ ആകാശ് തില്ലങ്കേരിയും റിജിന്‍ രാജുമാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

Top