കേരളത്തില്‍ കലാപം ഉയര്‍ത്തി വിടാനാണ് അമിത് ഷാ ശ്രമിക്കുന്നതെന്ന് കോടിയേരി

kodiyeri Balakrishnan

തിരുവനന്തപുരം : തീവ്രവാദം എതു മതത്തിന്റെ പേരിലായാലും കേരളം ശക്തമായ നടപടി സ്വീകരിക്കുമെന്നും അതില്‍ വിട്ടുവീഴ്ചയില്ലെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ആരോപണങ്ങള്‍ ഉന്നയിച്ച് കേരളത്തില്‍ കലാപം ഉയര്‍ത്തി വിടാനാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ശ്രമിക്കുന്നത്. അതിനാണ് ജനരക്ഷായാത്ര എന്ന പേരില്‍ അമിത്ഷായും കുമ്മനം രാജശേഖരനും ഒരുങ്ങി പുറപ്പെട്ടിരിക്കുന്നതെന്നും കോടിയേരി വിമര്‍ശിച്ചു.

തിരുവനന്തപുരം പ്രസ്‌ക്‌ളബ്ബില്‍ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുയായിരുന്നു കോടിയേരി.

കേരള ഗവണ്‍മെന്റിനെ ആര്‍എസ്എസും കേന്ദ്രവും ആശങ്കയോടെയാണ് നോക്കികാണുന്നത്. ഇവിടത്തെ എല്‍ഡിഎഫ് ഗവണ്‍മെന്റിനെതിരെ ബോധപൂര്‍വ്വമായ പ്രചരണമാണ് നടത്തുന്നത്. കേരളം ജിഹാദികളുടെ നാടെന്നാണ് പ്രചാരണം. ആ പ്രചാരണം തെളിയിക്കാന്‍ ആര്‍എസ്എസിനെ വെല്ലുവിളിക്കുകയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ക്രമസമാധാനനിലയൊക്കെ പരിഗണിക്കാന്‍ നേരമില്ലാത്ത നേതാക്കളാണ് ഇവിടെ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

കേരളത്തിലെ ബിജെപി നേതാക്കളുടെ മുഖം വികൃതമായതുകൊണ്ടാണ് പുറത്തുനിന്നും നേതാക്കളെ ഇറക്കി ജാഥ നടത്തുന്നത്. ബിജെപിക്കൊപ്പം നില്‍ക്കുന്ന ബിഡിജെഎസിന്റെ നിലപാട് ആത്മഹത്യാപരമാണ്. മതസമുദായങ്ങളുടെ പേരിലുള്ള സംഘടനകളുമായി യോജിക്കാന്‍ സിപിഐ എമ്മിന് സാധിക്കില്ല. ബിഡിജെഎസ് പിരിച്ചു വിടുകയാണ് നല്ലതെന്നും കോടിയേരി പറഞ്ഞു.

വേങ്ങരയെ തെരഞ്ഞെടുപ്പിലേക്ക് തള്ളിവിട്ടത് മുസ്ലീംലീഗാണ്. കൂടുതലായും പ്രവാസികള്‍ ഉള്ള നാടാണ് വേങ്ങര. പ്രവാസികള്‍ക്കായി എല്‍ഡിഎഫ് സര്‍ക്കാര്‍ എന്തെല്ലാം നല്ല കാര്യങ്ങളാണ് ചെയ്തിട്ടുള്ളതെന്ന് അവര്‍ക്കറിയാം.ആ മാറ്റം ഇപ്പോള്‍തന്നെ മലപ്പുറത്ത് പ്രകടമാണ് . പ്രചരണം ഓരോ ദിവസം പിന്നിടുംതോറും നല്ല ആത്മവിശ്വാസമാണ് എല്‍ഡിഎഫിനുള്ളത്.

ആര്‍എസ്എസ് തയ്യാറാക്കി നല്‍കുന്ന പ്രമേയം ബിജെപി യോഗത്തില്‍ വായിക്കുന്ന പോലെയല്ല സിപിഐ എമ്മിന്റെ പാര്‍ടി കോണ്‍ഗ്രസ് നടത്തുന്നത്. ഓരോ വിഷയവും വിശദമായി ചര്‍ച്ചചെയ്താണ് തീരുമാനമെടുക്കുക. അത് മനസിലാകാത്തവര്‍ ആണ് മറ്റ് അഭിപ്രായങ്ങള്‍ തട്ടിവിടുന്നതെന്നും കോടിയേരി വ്യക്തമാക്കി.

Top