മിസ്സോറാം ഗവര്‍ണര്‍ സ്ഥാനം കുമ്മനത്തിന്റെ പണിഷ്‌മെന്റ് ട്രാന്‍സ്ഫറെന്ന് കോടിയേരി

kummanam kodiyeri

ചെങ്ങന്നൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസ്സോറാം ഗവര്‍ണറായി നിയമിച്ചത് അദ്ദേഹത്തിനുള്ള ‘പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍’ ആണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കുമ്മനം പോകുന്നതോടെ ചെങ്ങന്നൂരില്‍ സേനാ നായകനില്ലാത്ത അവസ്ഥയായെന്നും കോടിയേരി പറഞ്ഞു.

വന്‍ പരാജയമായതുകൊണ്ടാണ് കുമ്മനത്തിന് ഗവര്‍ണര്‍ പദവി നല്‍കിയത്. അല്ലെങ്കില്‍ ഇതിലും മികച്ച സ്ഥാനം നല്‍കിയേനേ. 10 ലക്ഷമാണ് മിസ്സോറാമിലെ ജനസംഖ്യ. തിരുവനന്തപുരത്ത് അതില്‍ കൂടുതല്‍ ജനസംഖ്യയുണ്ടെന്നും കോടിയേരി പരിഹസിച്ചു. കേരളത്തില്‍ ഒന്നും പ്ലാന്‍ ചെയ്യാന്‍ കഴിയാതിരുന്ന കുമ്മനം മിസ്സോറാമില്‍ പോയി എന്ത് ചെയ്യാനാണെന്നും കോടിയേരി ചോദിച്ചു.

മിസ്സോറാം ഗവര്‍ണര്‍ സ്ഥാനം ശ്രീധരന്‍പിള്ളയ്ക്കായി മാറ്റിവെച്ചതായിരുന്നു. കുമ്മനത്തിന്റെ സ്ഥാനനേട്ടം അറിഞ്ഞതുമുതല്‍ ശ്രീധരന്‍പിള്ളയ്ക്കു മോഹാലസ്യമുണ്ടെന്നാണ് അറിഞ്ഞതെന്നും കോടിയേരി പറഞ്ഞു.

ബിജെപിക്കുള്ളിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുന്നതിനു വേണ്ടിയാണ് കുമ്മനത്തെ ഗവര്‍ണറാക്കിയത്. ബിജെപി അംഗമല്ലാത്ത കുമ്മനം ആര്‍.എസ്.എസില്‍ നിന്ന് നേരിട്ടാണ് ബിജെപി പ്രസിഡന്റായത്. ഇതേച്ചൊല്ലി പാര്‍ട്ടിയില്‍ ഭിന്നത നിലനില്‍ക്കുന്നുണ്ട്. അത് കൂടി കണക്കിലെടുത്താണ് ഇപ്പോഴത്തെ തീരുമാനം.

Top