kodiyeri against vellappally

തിരുവനന്തപുരം: ആര്‍.ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങ് ആര്‍.എസ്.എസിന്റെ വേദിയാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

സാമുദായികമായും മതപരമായും ഭിന്നിപ്പുണ്ടാക്കാന്‍ പ്രധാന മന്ത്രി മോദി പങ്കെടുക്കുന്ന ചടങ്ങ് ഉപയോഗപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സംസ്ഥാന മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുക്കേണ്ടെന്ന നിലപാട് സ്വീകരിച്ചതെന്തു കൊണ്ടെന്നു പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കണം. അതറിയാനുള്ള അവകാശം കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. മതപരമായ ധ്രുവീകരണത്തിനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നത്. ജനപ്രതിനിധികളെ പ്രത്യേക കണ്ണോടുകൂടി കാണുന്ന സമീപനം ശരിയല്ലെന്നും കോടിയേരി പറഞ്ഞു.

മുഖ്യമന്ത്രിയോട് എല്‍.ഡി.എഫിന് ചില കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ട്.സോളാര്‍ കേസില്‍ 5.5 കോടിയുടെ ആരോപണം മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം പദ്ധതി ഉദ്ഘാടന ചടങ്ങില്‍ നിന്ന് തങ്ങള്‍ വിട്ടു നിന്നത്. ബാര്‍ കോഴക്കേസില്‍ 10 കോടിയുടെ ആരോപണ വിധേയനായ മന്ത്രി കെ.ബാബുവാണ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചത്. സോളാര്‍ കേസില്‍ ആരോപണവിധേയനായതിനാലാണോ മുഖ്യമന്ത്രിയുമയി വേദി പങ്കിടാന്‍ പ്രധാന മന്ത്രി തയ്യാറാവാത്തത്?അതോ പുറത്തുവിടാത്ത എന്തെങ്കിലും രഹസ്യ വിവരങ്ങള്‍ മുഖ്യമന്ത്രിക്കെതിരെ ലഭിച്ചിട്ടുണ്ടോയെന്നും വെള്ളാപ്പള്ളി ചോദിച്ചു.

മൈക്രോ ഫിനാന്‍സ് തട്ടിപ്പുകേസില്‍ പ്രതിയായ വെള്ളാപ്പള്ളിയുമായാണ് പ്രധാനമന്ത്രി വേദി പങ്കിടുന്നത്. സാമുദായി സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചതിന് ഐ.പി.സി 153 വകുപ്പു പ്രകാരം ചാര്‍ജ്ജ് ചെയ്ത കേസിലെ പ്രതിയുമായി എങ്ങനെ വേദി പങ്കിടാന്‍ സാധിക്കും. ആര്‍.എസ്.എസുകാരന്‍ മോദിക്കു പങ്കിടാം, പക്ഷേ പ്രധാനമന്ത്രി മോദിക്ക് പറ്റില്ല.വെള്ളാപ്പള്ളിയോട് കുറഞ്ഞ പക്ഷം ജാമ്യമെടുക്കാനെങ്കിലും ഉപദേശിക്കാമായിരുന്നുവെന്നും കോടിയേരി പറഞ്ഞു.

Top