സിപിഎം പ്രവര്‍ത്തകര്‍ ബിജെപിക്കാരെപോലെ പെരുമാറരുതെന്ന് കോടിയേരി

kodiyeri Balakrishnan

തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്നു നടന്ന സംഭവങ്ങള്‍ ബിജെപി, സിപിഎമ്മിനെ പ്രകോപിപ്പിച്ച് അരക്ഷിതാവസ്ഥയുണ്ടാക്കാന്‍ നടത്തിയിട്ടുള്ള ആസൂത്രണത്തിന്റെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ഇതിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ സംയമനം പാലിക്കണം. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിച്ച സംഭവം അപലപനീയമാണ് നഗരസഭാകൗണ്‍സിലര്‍ ഐ.പി ബിനുവിന്റെ വീട് ആക്രമിച്ച പശ്ചാത്തലത്തിലായിരുന്നു ഈ സംഭവം. എന്നാലും അത്തരം സംഭവം നടക്കരുതായിരുന്നു. ഇങ്ങനെ ഒരു നടപടി സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതായിരുന്നു എന്നാണ് പാര്‍ട്ടി നിലപാടെന്നും കോടിയേരി അറിയിച്ചു.

സിപിഎം കേന്ദ്ര ഓഫിസ് ആര്‍എസ്എസുകാര്‍ ആക്രമിച്ചിരുന്നു. ഓഫിസില്‍ കയറി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. അത് ബിജെപിയുടെ സംസ്‌കാരമാണ്. ബിജെപി ചെയ്യുന്നതു പോലെ സിപിഎം ചെയ്യാന്‍ പാടില്ല. പകരം ആക്രമണം സിപിഎമ്മിന്റെ നിലപാടല്ല. ഇതാണ് പാര്‍ട്ടി അംഗീകരിച്ച നിലപാട്. അതില്‍ നിന്നു വ്യത്യസ്തമായി ആരും പ്രവര്‍ത്തിക്കാന്‍ പാടില്ലന്നും അദ്ദേഹം പറഞ്ഞു.

ചില പ്രവര്‍ത്തകര്‍ ബിജെപിയുടെ പ്രകോപനത്തില്‍ പെട്ടു പോയി എന്നതാണ് വസ്തുത. സിപിഎം പ്രവര്‍ത്തകരെ പ്രകോപിപ്പിച്ച് അക്രമങ്ങള്‍ സംഘടിപ്പിക്കണമെന്നാണ് ബിജെപി ലക്ഷ്യം വച്ചിരിക്കുന്നത്. സംയമനം പാലിക്കണമെന്ന നിലപാടാണ് സിപിഎമ്മിന്റെത്.

കേരളത്തില്‍ സമാധാനം സ്ഥാപിക്കണമെന്നാണ് സിപിഎം തീരുമാനം. അക്രമങ്ങളുെട ഉത്തരവാദിത്തം ബിജെപി ,ആര്‍എസ്എസ് സംഘത്തിനാണ്. ഇടതു ഗവണ്‍മെന്റിനെ അസ്ഥിരമാക്കാനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നതെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Top