കാര്യങ്ങള്‍ ഉന്നയിക്കേണ്ടത് പാര്‍ട്ടിക്കുള്ളിലാണ് ഫേസ്ബുക്കില്‍ അല്ല, ജയരാജന്റെ മകന്റെ പോസ്റ്റിനെക്കുറിച്ച് കോടിയേരി

തിരുവനന്തപുരം: പി ജയരാജനെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്ന സംഭവത്തില്‍ പ്രതികരണവുമായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉന്നയിക്കേണ്ടത് പാര്‍ട്ടിക്കുള്ളിലാണ് ഫേസ്ബുക്കില്‍ അല്ലെന്നും കോടിയേരി പറഞ്ഞു. പി ജയരാജന്‍ മകന്‍ ജെയിന്‍ രാജന്റെ പോസ്റ്റ് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കോടിയേരി.

”ഫേസ്ബുക്കില്‍ ആളുകള്‍ സംസാരിക്കുന്നതിനെ സംബന്ധിച്ചൊന്നും പാര്‍ട്ടിക്ക് ഉത്തരവാദിത്വം വഹിക്കാന്‍ സാധിക്കില്ല. ഫേസ്ബുക്കില്‍ ആര്‍ക്കും അഭിപ്രായം പറയാം. അത് പാര്‍ട്ടിയുമായി ബന്ധപ്പെട്ടതല്ല. പാര്‍ട്ടി ഏകകണ്ഠമായി എടുത്ത തീരുമാനമാണിത്. (ജയരാജന്റെ മകന്‍) ആരുണ്ടായാലും ഫേസ്ബുക്കില്‍ പറയുന്നതിനൊന്നും യാതൊരു സാധ്യതയുമില്ല. പാര്‍ട്ടി അംഗമാണെങ്കില്‍ പറയേണ്ടത് പാര്‍ട്ടിക്ക് അകത്താണ്. അത് പുറത്തുപറയാനുള്ളതല്ല. തഴയപ്പെട്ടുവെന്ന ആരോപണത്തിന് ജയരാജന്‍ തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. കേരളത്തിലെ എല്ലാ പാര്‍ട്ടി നേതാക്കളും ജനഹൃദയത്തിലാണ് ജീവിക്കുന്നത്. ഇവിടെ പ്രശ്‌നങ്ങളൊന്നുമില്ല. ഇങ്ങള് വേണ്ടാത്ത വെള്ളം കാച്ചി ഇരിക്കണ്ട. ഒന്ന് കഴിയുമ്പോ നിങ്ങള്‍(മാധ്യമങ്ങള്‍) ഓരോന്ന് ഉണ്ടാക്കാന്‍ നോക്കണ്ട. വളരെ നന്നായി നടന്ന പാര്‍ട്ടി സമ്മേളനം കഴിഞ്ഞപ്പോള്‍ നിങ്ങളതിനെ വക്രീകരിച്ച് അവതരിപ്പിക്കാന്‍ എന്താണ് വേണ്ടതെന്ന് നോക്കി നടക്കുകയാണ് മാധ്യമങ്ങള്‍.” കോടിയേരി പറഞ്ഞു.

പദവിയല്ല നിലപാടാണ് പ്രധാനമെന്ന് ജയരാജന്‍ നേരത്തെ പ്രതികരിച്ചിരുന്നു. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് സ്ഥാനമാനത്തിനല്ല ഓരോ പ്രവര്‍ത്തകന്റെയും നിലപാടിനാണ് അംഗീകാരം. ഉള്‍പ്പാര്‍ട്ടി ജനാധിപത്യമുള്ള പാര്‍ട്ടിയാണ് സിപിഐഎം. ഓരോ പാര്‍ട്ടി പ്രവര്‍ത്തകനും വിമര്‍ശനങ്ങളും സ്വയം വിമര്‍ശനങ്ങളും നടത്തിയാണ് സിപിഐഎം സമ്മേളനങ്ങള്‍ നടക്കുന്നതെന്നും പി ജയരാജന്‍ പ്രതികരിച്ചു. പാമ്പന്‍ മാധവന്‍ അനുസ്മരണ സമ്മേളനത്തിടെയാണ് കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയുടെ പ്രതികരണം.

Top