പ്രതിപക്ഷ നേതാവിന് കള്ളം കൈയോടെ പിടികൂടിയതിന്റെ ജാള്യതയെന്ന് കോടിയേരി

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റില്‍ നടന്ന യുഎഇ ദിനാഘോഷത്തില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രോട്ടോകോള്‍ ലംഘനം തന്നെയാണ് നടത്തിയതെന്ന് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രോട്ടോക്കോള്‍ കോണ്‍സുലേറ്റ് ജനറലിന് മാത്രം ബാധകമെന്ന് ചെന്നിത്തല പറയുന്നു. അങ്ങനെയെങ്കില്‍ കെ ടി ജലീലിനെതിരെ ആരോപണം ഉന്നയിച്ചതെന്തിനെന്ന് കോടിയേരി ചോദിച്ചു.

കോണ്‍സുലേറ്റിലെ നറുക്കെടുപ്പില്‍ പങ്കെടുത്തത് പ്രോട്ടോക്കോള്‍ ലംഘനം തന്നെയാണ്. കള്ളം കയ്യോടെ പിടികൂടിയതിന്റെ ജാള്യതയാണ് പ്രതിപക്ഷ നേതാവിനെന്നും കോടിയേരി ആരോപിച്ചു. കെടി ജലീലിന് എതിരായ ആരോപണം പിന്‍വലിച്ച് ചെന്നിത്തല മാപ്പ് പറയണം. പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് അറിയില്ലെന്ന് പറയുന്ന പ്രതിപക്ഷ നേതാവിന്റെ നിലപാട് പരിഹാസ്യമാണെന്നും കോടിയേരി പറഞ്ഞു.

അതേസമയം, യുഎഇ കോണ്‍സുലേറ്റിന്റെ ഐ ഫോണ്‍ സമ്മാനമായി കിട്ടിയത് കോടിയേരിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗമടക്കമുള്ള മൂന്ന് പേര്‍ക്കാണെന്ന് ഫോട്ടോ സഹിതം വെളിപ്പെടുത്തി പ്രതിപക്ഷ നേതാവ് നേരത്തെ രംഗത്തെത്തിയിരുന്നു.

Top