kodiyari balakrishnan statement

തിരുവനന്തപുരം :യുഡിഎഫിന്റെ സ്വാശ്രയസമരം രാഷ്ട്രീയ സമരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

നിയമസഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം നടത്തുന്ന സമരം മുന്‍മന്ത്രിമാരുടെ അഴിമതി കഥകളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ്. വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും ഏറ്റെടുത്തിട്ടില്ലാത്ത സമരം തികച്ചും രാഷ്ട്രീയപ്രേരിതം മാത്രമാണെന്നും കോടിയേരി പറഞ്ഞു.

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ നിയമസഭാ സമ്മേളനം തുടങ്ങുമ്പോള്‍ യുഡിഎഫ് ആകെ ശിഥിലമായിരുന്നു. അതില്‍ നിന്നെല്ലാം ശ്രദ്ധ തിരിച്ചുവിടാനായിരുന്നു സമരം ആരംഭിച്ചത്. നിയമസഭ സ്തംഭിപ്പിച്ചാണ് സമരം നടത്തുന്നത്. അതിനര്‍ത്ഥം നാട്ടിലെ മറ്റു പ്രശ്‌നങ്ങളൊന്നും സഭയില്‍ ചര്‍ച്ച ചെയ്യപ്പെടരുതെന്നാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്.

മുന്‍ മന്ത്രിമാരുടെ അഴിമതിയില്‍ ഓരോരുത്തര്‍ക്കെതിരായി ഇപ്പോള്‍ അന്വേഷണം നടക്കുകയാണ്. സഭയില്‍ ഇതു ചര്‍ച്ചയാകരുതെന്ന് പ്രതിപക്ഷം ആഗ്രഹിക്കുന്നു. ഇതില്‍ നിന്നെല്ലാം ശ്രദ്ധ തിരിച്ചുവിടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.

കുറഞ്ഞ സര്‍ക്കാര്‍ ഫീസില്‍ കൂടുതല്‍ കുട്ടികള്‍ എന്നതാണ് ഇത്തവണത്തെ സ്വാശ്രയ കരാറിന്റെ പ്രത്യേകത. നേരത്തെ 800 വിദ്യാര്‍ത്ഥികള്‍ ആയിരുന്നത് ഇപ്പോള്‍ 1,150 ആയിട്ടുണ്ട്.

മാത്രമല്ല തലവരിപ്പണം വാങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നു മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. ഇവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണവും പ്രഖ്യാപിച്ചു. പിന്നീട് പ്രതിപക്ഷനേതാവ് പറഞ്ഞിട്ടാണ് അത് ക്രൈംബ്രാഞ്ച് അന്വേഷണമാക്കിയത്.

വിദ്യാര്‍ത്ഥികള്‍ പോലും ഏറ്റെടുത്തിട്ടില്ലാത്ത സമരം ആര്‍ക്കുവേണ്ടിയാണെന്നറിയില്ല. അപ്പോള്‍ സമരം എങ്ങനെ തീര്‍ക്കണം എന്നതും സമരം തുടങ്ങിയവര്‍ തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Top