നടന്‍ ജോജു സംസാരിച്ചത് സഭ്യമല്ലാത്ത രീതിയില്‍, സ്ത്രീകളോടും അപമര്യാദയായി പെരുമാറി: കൊടിക്കുന്നില്‍ സുരേഷ്

കൊച്ചി: ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചതില്‍ പ്രതികരണവുമായി കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി. സഭ്യമല്ലാത്ത ഭാഷയിലാണ് ജോജു ജോര്‍ജ് സംസാരിച്ചതെന്നും സ്ത്രീകളോട് അപമര്യാദയായാണ് പെരുമാറിയതെന്നും ഉപരോധം ഉദ്ഘാടനം ചെയ്ത കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രതികരണം:

മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെയോ ബിജെപിയുടെയോ പ്രതിഷേധ പരിപാടിയാണ് അവിടെ നടന്നതെങ്കില്‍ ജോജുവിനെ ആംബുലന്‍സില്‍ കൊണ്ടുപോവേണ്ടി വന്നേനെ. എന്നാല്‍ ഞങ്ങള്‍ മാന്യമായാണ് ഇടപെട്ടത്. സഭ്യമല്ലാത്ത ഭാഷയില്‍ പെരുമാറിയ ജോജു സമരത്തില്‍ പങ്കെടുത്ത സ്ത്രീകളോടും അപമര്യാദയായാണ് പെരുമാറിയത്.

അടിക്കടി ഇന്ധനവില വര്‍ധിപ്പിച്ച് നരേന്ദ്രമോദി സര്‍ക്കാര്‍ ജനജീവിതം ദുസ്സഹമാക്കുകയാണ്. പാര്‍ലമെന്റിലും രാജ്ഭവനുമുന്നിലും ഞങ്ങള്‍ നിരന്തരം പ്രതിഷേധിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കങ്ങള്‍ക്കെതിരെ ഞങ്ങള്‍ പ്രതികരിച്ചില്ലെങ്കില്‍ ഇവിടെയൊരു പ്രതിപക്ഷമില്ലെന്ന് മാധ്യമങ്ങളടക്കം കുറ്റപ്പെടുത്തും.

പൊലീസില്‍ അറിയിച്ച് മുന്‍കൂട്ടി അനുമതി വാങ്ങിയാണ് സമരം നടത്തിയത്. മിക്കവാറും എല്ലാ ജനങ്ങളും അതില്‍ സഹകരിച്ചു. വാഹനം സ്തംഭിപ്പിച്ച് സമരം നടക്കുമെന്ന് വാര്‍ത്തകളും നല്‍കിയിരുന്നു. ജോജുവിന് അത്രയും അത്യാവശ്യ കാര്യത്തിന് പോകണമായിരുന്നെങ്കില്‍ മറ്റ് മാര്‍ഗം നോക്കണമായിരുന്നു. അല്ലെങ്കില്‍ പൊലീസ് യാത്രക്കാരെ മറ്റ് വഴികളിലൂടെ തിരിച്ചുവിടണമായിരുന്നു എന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

 

Top