സ്വര്‍ണ കള്ളക്കടത്ത്: പൊലീസിന് വിവരം നല്‍കിയ നഗരസഭ കൗണ്‍സിലര്‍ക്ക് കൊടി സുനിയുടെ ഭീഷണി

കോഴിക്കോട്: കൊടുവള്ളി നഗരസഭ കൗണ്‍സിലര്‍ കോഴിശേരി മജീദിന് ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന പ്രതി കൊടിസുനിയുടെ ഭീഷണി. സ്വര്‍ണക്കടത്തിനെ കുറിച്ച് ഖത്തര്‍ പൊലീസിന് വിവരം കൈമാറിയതിനാണ് ഭീഷണി.

സംഭവത്തെ തുടര്‍ന്ന് ഖത്തര്‍ ജുവലറി ഉടമകൂടിയായ കൗണ്‍സിലര്‍ പൊലീസിന് പരാതി നല്‍കി. കൊടുവള്ളി നഗരസഭയിലെ 24ാം വാര്‍ഡിലെ മുസ്ലീം ലീഗ് കൗണ്‍സിലറാണ് മജീദ്. നാട്ടില്‍വന്നാല്‍ വച്ചേക്കില്ലെന്നും കുടുംബത്തിന് നാട്ടില്‍ നില്‍ക്കാന്‍ കഴിയില്ലെന്നും കൊടിസുനി ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു. ഭീഷണിപ്പെടിത്തിക്കൊണ്ടുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും മജീദ് പുറത്തുവിട്ടിട്ടുണ്ട്.

ഈ മേഖലയില്‍ കുറേക്കാലമായി കളിക്കുന്നതാണ്, നമുക്ക് കാണേണ്ടി വരും എന്നാണ് ഫോണില്‍ വിളിച്ച് കൊടിസുനി ഭീഷണിപ്പെടുത്തിയതെന്ന് മജീദ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എംബസിക്ക് പരാതി നല്‍കുമെന്നും ഖത്തറിലുള്ള മജീദ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.ഖത്തറില്‍ വിദേശികള്‍ക്ക് പൊലീസിന്റെ അനുമതി പത്രമില്ലാതെ സ്വര്‍ണം വാങ്ങാനും വില്‍ക്കാനും കഴിയില്ല. നിയമപരമല്ലാത്ത സ്വര്‍ണം വില്‍ക്കാന്‍ സഹായിക്കാത്തതിനും ഈ വിവരം പോലീസിനെ അറിയിച്ചതിനുമാണ് കൊടിസുനി മജീദിനെ ഭീഷണിപ്പെടുത്തിയത്.

Top