കൊടിസുനിയുടെ ഭീഷണി; പ്രവാസിയെ വിളിച്ചത് കോട്ടയം സ്വദേശിയുടെ പേരിലുള്ള നമ്പരില്‍ നിന്ന്

കോഴിക്കോട്: കൊടുവളളി നഗരസഭാ കൗണ്‍സിലറും സ്വര്‍ണ വ്യാപാരിയുമായ കോയിശേരി മജീദിനെ ഫോണില്‍ വിളിച്ച് ഭീക്ഷണിപ്പെടുത്താന്‍ കൊടി സുനി ഉപയോഗിച്ച ഫോണ്‍ നമ്പര്‍ കോട്ടയം സ്വദേശിയുടെ പേരിലുള്ളതാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. കുടുതല്‍ അന്വേഷണത്തിനായി പൊലീസ് സംഘം കോട്ടയത്തേയ്ക്ക് പോയി.

രേഖകളില്ലാത്ത സ്വര്‍ണം വാങ്ങാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ കൊടി സുനി തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് കോഴിശേരി മജീദ് ഖത്തര്‍ എംബസ്സിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. മെയ് 23നാണ് കൊടി സുനി ഖത്തറിലെ വ്യാപാരി മജീദ് കോയിശേരിയെ 9207073215 എന്ന നമ്പറില്‍ നിന്ന് വിളിച്ച് ഭീഷണിപ്പെടുത്തിയത്. സംഭവത്തിന്റെ പേരില്‍ മജീദിന്റെ ഭാര്യ എ.കെ. ഷബീന കൊടുവള്ളി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

കണ്ണൂരിലെ സുഹൃത്തിന്റെ കൈവശം സ്വര്‍ണമുണ്ടെന്നും മജീദിന് വാങ്ങാന്‍ താല്‍പര്യമുണ്ടെങ്കില്‍ അറിയിക്കുവാനും പറഞ്ഞു. കൃത്യമായ രേഖകളുണ്ടെങ്കില്‍ വാങ്ങാമെന്നായിരുന്നു മജീദിന്റെ നിലപാട്. അടുത്തദിവസം വിളിച്ചു നിര്‍ബന്ധമായും സ്വര്‍ണം വാങ്ങണമെന്നു സുനി ആവശ്യപ്പെട്ടു. ഈ വിവരം മജീദ് ഖത്തര്‍ പൊലീസില്‍ അറിയിച്ചതോടെയാണു ഭീഷണിയെത്തിയത്. ഭീഷണി പലവട്ടം തുടര്‍ന്നുവെന്നും മജീദ് ആരോപിക്കുന്നു. കൊത്തിക്കളയുമെന്നായിരുന്നു ഭീഷണിയെന്നും നിയമപരമായി കാര്യങ്ങള്‍ നോക്കുമെന്ന് ഭീഷണിപ്പെടുത്തിയയാളോട് പറഞ്ഞതായും മജീദ് വ്യക്തമാക്കി. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനി ഇപ്പോള്‍ ജയിലിലാണ് ഉള്ളത്.

Top