പരോളിലിറങ്ങി കവര്‍ച്ച; ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടിസുനി അറസ്റ്റില്‍

കൂത്തുപറമ്പ്: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയിലില്‍ കഴിയുന്ന കൊടിസുനിയെ കവര്‍ച്ചക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ തൃശ്ശൂരിലെ ജയിലില്‍ കഴിയുകയായിരുന്ന കൊടി സുനി പരോളിലിറങ്ങിയ സമയത്ത് യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയും മൊബൈല്‍ഫോണും പണവും തട്ടിയെടുക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്.

ജനുവരി 13-നായിരുന്നു സംഭവം. കൈതേരിയിലെ റഫ്ഷാനെ കാറിലെത്തിയ സംഘം വയനാട്ടിലെ റിസോര്‍ട്ടിലേക്ക് തട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയും മൊബൈല്‍ഫോണും 16,000 രൂപയും തട്ടിയെടുത്തുവെന്നായിരുന്നു കേസ്. റഫ്ഷാന്റെ സഹോദരന്‍ മറ്റൊരാള്‍ക്ക് നല്‍കാനായി ഗള്‍ഫില്‍നിന്ന് കൊണ്ടുവന്ന സ്വര്‍ണം ഉടമസ്ഥന് കൊടുക്കാത്തതാണ് അക്രമത്തിന് കാരണമായത്.

കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ജയിലില്‍ കഴിയുകയായിരുന്ന സുനില്‍കുമാറിനെ കോടതിയില്‍ ഹാജരാക്കിയത്. പോലീസ് നല്‍കിയ അപേക്ഷപ്രകാരം കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രൊഡക്ഷന്‍ വാറന്റ് ഉത്തരവിട്ടത്. കേസില്‍ കൊടിസുനിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇയാളെ രണ്ടുദിവസത്തേക്ക് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

Top