kodeyeri support sakkir hussain

കോഴിക്കോട്: കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ ഗുണ്ടയല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സക്കീര്‍ ഹുസൈനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സിപിഐഎമ്മിനെ വികൃതമാക്കുന്നതിനാണെന്നും കോടിയേരി പറഞ്ഞു.

വ്യവസായിയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ സി പി എം നേതാവ് വി എ സക്കീര്‍ ഹുസൈന് എതിരായ ആരോപണം സംബന്ധിച്ച് ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് കോടിയേരി തന്റെ നിലപാട് വ്യക്തമാക്കിയത്.

സക്കീര്‍ ഹുസൈനെതിരെ 14 ക്രിമിനല്‍ കേസുകളുണ്ടെന്നും ഇയാള്‍ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളാണെന്നും ചില മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും പ്രചാരണം നടത്തുന്നത് സിപിഎമ്മിനെ വികൃതമാക്കുന്നതിനുവേണ്ടിയാണെന്ന് കോടിയേരി ലേഖനത്തില്‍ പറയുന്നു.

സക്കീറിനെതിരായ കേസുകളെല്ലാം ജനകീയ പ്രശ്‌നങ്ങളുമായി നബന്ധപ്പെട്ട പ്രക്ഷോഭ സമരങ്ങളില്‍ പങ്കെടുത്തതിന് മുന്‍ യുഡിഎഫ് ഭരണകാലത്ത് രാഷ്ട്രീയമായി ചുമത്തപ്പെട്ടതാണ്.

പ്രക്ഷോഭ സമരങ്ങളില്‍ പങ്കെടുത്ത നൂറുകണക്കിന് സിപിഎം പ്രവര്‍ത്തകരെ യുഡിഎഫ് സര്‍ക്കാര്‍ കാപ്പ നിയമപ്രകാരം ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത്തരം തോന്ന്യാസ ഭരണത്തിന്റെ ഭാഗമായാണ് സിപിഎം ഏരിയാ സെക്രട്ടറിയായിരുന്ന സക്കീര്‍ ഹുസൈനെയും 14 കേസുകളില്‍ പ്രതിയാക്കിയതെന്നും കോടിയേരി പറയുന്നു.

സിപിഎമ്മിന്റെ പ്രധാന നേതാക്കള്‍ക്കെതിരെ പരാതി വന്നാല്‍ പോലും അതെല്ലാം നീതിന്യായ പ്രക്രിയയ്ക്ക് വിധേയമാക്കും. അതാണ് സക്കീര്‍ ഹുസൈനെതിരായി പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിലൂടെ തെളിയുന്നത്. ആരോപണം നേരിടുന്നയാളെ ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി അന്വേഷണം നടത്താനുള്ള തീരുമാനം പാര്‍ട്ടി കൈക്കൊണ്ടെന്നും കോടിയേരി ലേഖനത്തില്‍ വ്യക്തമാക്കി.

സക്കീര്‍ ഹുസൈന്‍ ഗുണ്ടയാണെന്ന് ഇന്നലെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് ഇതിനു വിരുദ്ധമായ നിലപാടുമായി കോടിയേരിയുടെ ലേഖനം പുറത്തുവന്നത്.

Top