കൊടകര കവര്‍ച്ച: നാലുപ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി

തൃശ്ശൂര്‍: കൊടകരയില്‍ കുഴല്‍പ്പണം കവര്‍ച്ച ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന നാലുപ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. രഞ്ജിത്, ദീപക്, മാര്‍ട്ടിന്‍, ഒളരി ബാബു എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മാര്‍ട്ടിന്‍ കുഴല്‍പ്പണം തട്ടിപ്പില്‍ വിദഗ്ധനാണ്. ചൊവ്വാഴ്ച തെളിവെടുപ്പു തുടങ്ങും. ഗൂഢാലോചന നടത്തിയവര്‍ ഇവരെ ഉപയോഗിച്ചാണ് വാഹനവും കുഴല്‍പ്പണവും തട്ടിയെടുത്തതെന്നാണ് പോലീസിന് കിട്ടിയ വിവരം.

ആകെ 13 പ്രതികളുള്ള കേസില്‍ 10 പേര്‍ അറസ്റ്റിലായിട്ടുണ്ട്. പ്രധാന പ്രതികളായ അലി സാജ്, മുഹമ്മദ് റഷീദ് എന്നിവരും പിടിയിലായിട്ടുണ്ട്. ഏപ്രില്‍ മൂന്നിനാണ് 3.5 കോടിയോളം രൂപയും കാറും കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ടത്. 25 ലക്ഷം രൂപ മാത്രം നഷ്ടപ്പെട്ടതായാണ് പണം കടത്തിയിരുന്ന കോഴിക്കോട്ടെ വ്യവസായിയും ആര്‍.എസ്.എസ്. പ്രവര്‍ത്തകനുമായ ധര്‍മരാജന്‍ കൊടകര പോലീസില്‍ പരാതിനല്‍കിയത്.

ഒമ്പതാം പ്രതിയില്‍നിന്നുമാത്രം 31 ലക്ഷത്തോളം രൂപ പോലീസ് പിടികൂടി. ഇതോടെ കോടിക്കണക്കിനു രൂപയാണു നഷ്ടപ്പെട്ടതെന്നും 25 ലക്ഷമെന്നത് വ്യാജപരാതിയാണെന്നും പോലീസിനു വ്യക്തമായി. പണം കൊടുത്തുവിട്ടത് യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക് ആണെന്നും പണം വന്നത് കര്‍ണാടകയില്‍നിന്നാണെന്നും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

 

Top