കൊടകര കുഴല്‍പ്പണക്കേസ്; സമഗ്ര അന്വേഷണം വേണമെന്ന് കോടിയേരി

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസില്‍ സമഗ്ര അന്വേഷണം വേണമെന്ന് കോടിയേരി ബാലകൃഷ്ണന്‍. ബിജെപി കേരളത്തില്‍ ഒഴുക്കിയ കള്ളപ്പണത്തിന്റെ ചെറിയ ഭാഗം മാത്രമാണ് പുറത്തു വന്നിരിക്കുന്നതെന്നും ഇപ്പോള്‍ കണ്ടെത്തിയത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും കോടിയേരി പറഞ്ഞു.

നിലവിലെ അന്വേഷണം തൃപ്തികരമാണെന്നും പുറത്തു വന്നിരിക്കുന്ന പുതിയ വിവരങ്ങളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര ഏജന്‍സിക്ക് അന്വേഷണം വിട്ടാല്‍ എന്ത് സംഭവിക്കുമെന്ന് കണ്ടറിയണമെന്നും അന്വേഷണവുമായി എല്ലാവരും സഹകരിക്കണമെന്നും കോടിയേരി വ്യക്തമാക്കി.

സുന്ദരയുടെ വെളിപ്പെടുത്തല്‍ കൂടി അന്വേഷിക്കണമെന്ന് കോടിയേരി പറഞ്ഞു. എല്‍ഡിഎഫിന് രാഷ്ട്രീയ പകപോക്കല്‍ സമീപനമില്ലെന്നും വൈരനിര്യാതന ബുദ്ധിയോടെ ആരോടും പെരുമാറാറില്ലെന്നും തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടികളെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

 

Top