കൊടകര കുഴല്‍പ്പണക്കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉടനുണ്ടാകും

കൊടകര കുഴല്‍പ്പണക്കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉടനുണ്ടാകും. കുഴല്‍പ്പണം തട്ടല്‍ ആസൂത്രണം ചെയ്ത അലി എന്നയാള്‍ ഉടന്‍ വലയിലാകുമെന്നാണ് സൂചന. ഇതോടെ കുഴല്‍പ്പണത്തിന്റെ ഉറവിടം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അതേ സമയം സംഭവത്തില്‍ പൊലിസ് മേധാവിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തത ഇല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

7 പേരുടെ അറസ്റ്റാണ് പൊലീസ് ഇതുവരെ രേഖപ്പെടുത്തിയത്. നേരത്തെ സമാനമായ കേസുകളില്‍ ഉള്‍പ്പെട്ടവരാണിവര്‍. കുഴല്‍പ്പണത്തിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തത വരാന്‍ പ്രധാന ആസൂത്രകനായ അലി എന്നയാളെ പിടികൂടേണ്ടതുണ്ട്. അതിനായുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

സംഭവത്തില്‍ ഉള്‍പ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയെ കുറിച്ച് കൃത്യമായ സൂചനകളുണ്ടെങ്കിലും എത്ര പണം കടത്തിയെന്ന കാര്യത്തിലും നേതാക്കളുടെ ബന്ധം സംബന്ധിച്ചു മുള്ള ശക്തമായ തെളിവുകള്‍ ലഭിക്കാത്തത് പൊലിസിനെ കുഴയ്ക്കുന്നുണ്ട്.

എന്നാല്‍ കേസില്‍ ബിജെപിയെ കൂട്ടിക്കുഴക്കുന്നതിനെതിരെ നേതൃത്വം രംഗത്തെത്തി. കേസന്വേഷണത്തില്‍ തെളിവുകള്‍ പുറത്തു വരുമ്പോള്‍ കാര്യങ്ങളില്‍ വ്യക്തതയുണ്ടാകുമെന്നാണ് സിപിഐഎം നിലപാട്.

അതേ സമയം ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തത ഇല്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിലപാട്. ഏത് പാര്‍ട്ടിയുടെ പണമാണ് തട്ടിയതെന്ന് റിപ്പോര്‍ട്ടില്‍ ഇല്ല. അന്തിമ റിപ്പോര്‍ട്ട് കിട്ടിയാല്‍ നടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

കേസിലെ രാഷ്ട്രീയ ബന്ധത്തില്‍ കുരുങ്ങി നില്‍ക്കുകയാണ് കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണം. ആരാണ്, ആര്‍ക്കാണ് പണം അയച്ചതെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്.

 

Top