കൊടകര കുഴല്‍പ്പണ കേസ്; കെ സുരേന്ദ്രന്റെ സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ ഇന്ന് ചോദ്യം ചെയ്യും. സെക്രട്ടറി ദിപിന്റെ ഫോണില്‍ നിന്നും നിരവധി തവണ കേസിലെ പരാതിക്കാരനായ ധര്‍മരാജനെ ഉള്‍പ്പടെ വിളിച്ചതായി പൊലീസിന് വിവരം ലഭിച്ചിച്ചുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്.

രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് തൃശൂര്‍ പൊലിസ് ക്ലബില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ട് ദിപിന് നോട്ടീസ് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം തുടങ്ങി. പൊലീസ് എഫ് ഐ ആര്‍ ശേഖരിച്ച ഇ ഡി അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളും പരിശോധിച്ചു.

കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് പത്ത് ദിവസത്തിനകം നിലപാട് അറിയിക്കാന്‍ ഹൈക്കോടതിയും ഇ ഡിയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ, അന്വേഷണ സംഘം സുരേന്ദ്രന്‍ മത്സരിച്ച കോന്നിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ഇവിടെ സുരേന്ദ്രന്‍ അടക്കമുള്ള ബി ജെ പി നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നുള്ള വിവരങ്ങളാണ് ശേഖരിച്ചത്.

Top