‘കൊടകരയില്‍ നഷ്ടപ്പെട്ട മൂന്നരക്കോടി ബിജെപിയുടേത്’; ധര്‍മരാജന്റെ മൊഴി പുറത്ത്

തൃശൂർ: കൊടകരയില്‍ കള്ളപ്പണ കവര്‍ച്ച നടന്ന ശേഷവും കുഴല്‍പ്പണ കടത്ത് നടന്നുവെന്ന് ധര്‍മരാജന്റെ മൊഴി. പത്തനംതിട്ടയിലേക്കാണ് ഒരു കോടി രൂപ എത്തിച്ചത്. കൊടകരയില്‍ നഷ്ടപ്പെട്ട മൂന്നര കോടി രൂപ ബിജെപിയുടേതാണെന്ന് ധര്‍മരാജന്‍ വ്യക്തമാക്കുന്ന മൊഴിയുടെ വിവരങ്ങളും പുറത്തുവന്നു.

കൊടകരയില്‍ കവര്‍ച്ച നടന്ന ശേഷം പൊലീസിന് നല്‍കിയ മൊഴിയിലാണ് കവര്‍ച്ച ചെയ്യപ്പെട്ടത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടുവന്ന തുകയാണെന്ന് ധര്‍മരാജന്‍ പറഞ്ഞത്. എന്നാല്‍ ഇരിങ്ങാലക്കുട കോടതിയില്‍ ധര്‍മരാജന്‍ നല്‍കിയ ഹര്‍ജിയില്‍ കവര്‍ച്ച ചെയ്യപ്പെട്ട തുക ബിസിനസ് ആവശ്യത്തിനായി മാര്‍വാടി നല്‍കിയതാണെന്നായിരുന്നു പറഞ്ഞത്.

മൊഴികളിലെ വൈരുധ്യം അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടി കാണിച്ചിരുന്നു. പൊലീസ് നല്‍കിയ കുറ്റപത്രത്തിലാണ് മൊഴിയുടെ വിശദാംശങ്ങള്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും ധര്‍മരാജനും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന വിവരങ്ങളും കുറ്റപത്രത്തിലുണ്ട്.

നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്ന് തവണ ധര്‍മരാജന്‍ കോന്നിയില്‍ പോയി. ബി.ജെ.പി പഞ്ചായത്ത് മെമ്പര്‍ മാര്‍ക്ക് പതിനായിരം മുതല്‍ ഇരുപതിനായിരം രൂപ വരെ നല്‍കാനായിരുന്നു കോന്നിയില്‍ പോയത്.

 

Top