കൊടകര കുഴല്‍പ്പണക്കേസ്; പണം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിച്ചത്

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ കണ്ടെടുത്ത പണം ബി.ജെ.പിയുടേത് തന്നെയെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇത് ഹവാല പണമാണെന്നും കേസിലെ പരാതിക്കാരനായ ധര്‍മ്മരാജന് പണം വിട്ടുനല്‍കരുതെന്നും പൊലീസ് പറയുന്നു. പണം തിരിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുളള ധര്‍മരാജന്റെ ഹര്‍ജിയിലാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്.

തെരഞ്ഞെടുപ്പാവശ്യങ്ങള്‍ക്കായി ബി.ജെ.പി കൊണ്ടുവന്ന പണമാണ് കൊടകരയില്‍ വച്ച് കൊള്ളയടിക്കപ്പെട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി ഗണേഷിന്റെയും ഓഫീസ് സെക്രട്ടറി ഗിരീഷിന്റേയും നിര്‍ദേശ പ്രകാരമാണ് ധര്‍മ്മരാജന്‍ മൂന്നരക്കോടി രൂപ എത്തിച്ചത്. അതും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പാവശ്യത്തിനായി. ബംഗ്ലൂരുവില്‍ നിന്നാണ് പണമെത്തിയതെന്ന് റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

പണത്തിന്റെ ഉറവിടം വ്യക്തമാക്കുന്ന ഒന്നും തന്നെ ധര്‍മരാജന്‍ കാണിച്ചിട്ടില്ല. ഈ ഉറവിടം വ്യക്തമാക്കുന്ന രേഖകള്‍ സമര്‍പ്പിച്ചാല്‍ തന്നെ അത് പുനഃപരിശോധിക്കണമെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പണം തിരിച്ചു വേണമെന്ന ധര്‍മരാജന്റെ ഹര്‍ജി 23ന് കോടതി വീണ്ടും പരിഗണിക്കും.

Top