ലൗജിഹാദെന്ന ഇടയലേഖനം വായിച്ചു; എതിര്‍ത്ത് എറണാകുളം-അങ്കമാലി അതിരൂപത

കൊച്ചി: സിറോ മലബാര്‍ സഭയുടെ പള്ളികളില്‍ ലൗജിഹാദിനെ സംബന്ധിച്ച് ഇടയലേഖനം വായിച്ചു. സിനഡ് തീരുമാനങ്ങള്‍ അറിയിക്കാന്‍ വായിച്ച ഇടയലേഖനത്തിന്റെ മൂന്നാമത്തെ കാര്യമായാണ് ലൗ ജിഹാദ് ഉള്‍പ്പെടുത്തിയത്. വര്‍ദ്ധിച്ചു വരുന്ന ലൗജിഹാദ് മതസൗഹാര്‍ദ്ദത്തെ അപകടപ്പെടുത്തുന്നുവെന്നും

ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നതിന് ലൗ ജിഹാദ് കാരണമാകുന്നു എന്നുമാണ് ഇടയലേഖനം പറയുന്നത്. മാത്രമല്ല ഇതിനെതിരെ അധികൃതര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ഇടയലേഖനം പറയുന്നു.

രക്ഷകര്‍ത്താക്കളെയും കുട്ടികളെയും ലൗജിഹാദിനെക്കുറിച്ച് സഭ ബോധവല്‍കരിക്കുമെന്നും ഇടയലേഖനം ആവശ്യപ്പെടുന്നു. എന്നാല്‍ ഈ ഇടയലേഖനത്തെ ഒരു കൂട്ടം വൈദീകര്‍ ശക്തമായി എതിര്‍ക്കുകയാണുണ്ടായത്. എറണാകുളം-അങ്കമാലി അതിരൂപത എതിര്‍പ്പിനെ തുടര്‍ന്ന് ഈ അതിരൂപതയ്ക്ക് കീഴിലുള്ള ഭൂരിഭാഗം പള്ളികളിലും ഇടയലേഖനം വായിച്ചില്ല.

നേരത്തെ തന്നെ ക്രിസ്ത്യന്‍ സമുദായത്തെ ലക്ഷ്യമിട്ട് ആസൂത്രിത ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന സിനഡ് സര്‍ക്കുലറിനെതിരെ എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം രംഗത്ത് എത്തിയിരുന്നു.

ലവ് ജിഹാദ് സര്‍ക്കുലര്‍ അനവസരത്തില്‍ ഉള്ളതാണെന്നും ഭേദഗതിയെ പിന്തുണച്ച് പിഒസി ഡയറക്ടറുടെ ലേഖനം ഒരു മാധ്യമത്തില്‍ വന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും മുഖപത്രത്തില്‍ പറയുന്നു.

ഫാദര്‍ കുര്യാക്കോസ് മുണ്ടാളിന്റെ ലേഖനത്തിലാണ് ലൗജിഹാദിനെപ്പറ്റി പരാമര്‍ശിക്കുന്നത്. ‘ഒരു മതത്തെ ചെറുതാക്കുന്നതാണ് സിനഡ് സര്‍ക്കുലര്‍. പൗരത്വ നിയമത്തില്‍ രാജ്യം നിന്ന് കത്തുമ്പോള്‍ എരിതീയില്‍ എണ്ണ ഒഴിക്കുന്ന നിലപാടാണ് സിനഡ് സ്വീകരിച്ചത്. ലൗ ജിഹാദിന് തെളിവില്ലെന്ന് സര്‍ക്കാരും ഹൈക്കോടതിയും വ്യക്തമാക്കിയതാണ്. പൗരത്വ നിയമ ഭേദഗതിയില്‍ സഭയുടെ നിലപാട് എന്താണ് വ്യക്തമാക്കിയിട്ടില്ല. കെസിബിസി കേന്ദ്ര സര്‍ക്കാരിനെ ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നും മുഖപത്രത്തില്‍ പറയുന്നു.

കഴിഞ്ഞ ദിവസം അവസാനിച്ച സിനഡാണ് കേരളത്തില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതില്‍ ലൗ ജിഹാദ് നടക്കുന്നുവെന്ന സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. കേരളത്തില്‍ ലൗ ജിഹാദിന്റെ പേരില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്നുവെന്നാണ് സിറോ മലബാര്‍ സഭ സിനഡ് കഴിഞ്ഞ ദിവസം വിലയിരുത്തിയത്.

പ്രണയം നടിച്ച് പീഡിപ്പിച്ചശേഷം അതിന്റെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുന്ന കേസുകള്‍ വര്‍ധിക്കുകയാണ്.കേരളത്തില്‍ നിന്ന് ഐസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട 21 പേരില്‍ പകുതിയും മതംമാറിയ ക്രൈസ്തവരാണ്. ഇതുസംബന്ധിച്ച പരാതികളിലൊന്നും പൊലീസ് ജാഗ്രതയോടെ യഥാസമയം നടപടിയെടുത്തില്ലെന്ന് സഭ കുറ്റപ്പെടുത്തി.

Top