സിനിമയില്‍ സ്വകാര്യ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തി; മാപ്പ് പറഞ്ഞ്‌ പൃഥ്വിരാജ്

കൊച്ചി: സ്വകാര്യ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ നടന്‍ പൃഥ്വിരാജ് മാപ്പ് പറഞ്ഞു. ഡ്രൈവിംഗ് ലൈസന്‍സ് എന്ന സിനിമയില്‍ ഒരു സ്വകാര്യ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തി എന്ന പരാതിയെ തുടര്‍ന്നാണ് ചിത്രത്തിന്റെ നായകന്‍ കൂടിയായ താരം മാപ്പ് പറഞ്ഞത്. സ്ഥാപനം നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി മുമ്പാകെയാണ് പൃഥ്വി ഖേദം പ്രകടിപ്പിച്ചത്.

സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ഭാഗങ്ങള്‍ സിനിമയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നും പൃഥ്വിരാജ് അറിയിച്ചു. നേരത്തെ പരാതിയില്‍ പൃഥ്വിരാജിന് കോടതി നോട്ടീസ് അയച്ചിരുന്നു. ചിത്രത്തില്‍ ആക്ഷേപമുയര്‍ന്ന ഭാഗം ഒഴിവാക്കണമെന്ന് പിന്നണി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയതാണെന്ന് സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഈ ഉത്തരവ് പാലിക്കുന്നതില്‍ പൃഥ്വിരാജ് വീഴ്ച വരുത്തിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ ജയശങ്കര്‍ വി നായര്‍ ചൂണ്ടിക്കാട്ടിയത്.

ചിത്രത്തില്‍ പൃഥ്വിരാജിന്റെ ഹരീന്ദ്രന്‍ എന്ന കഥാപാത്രം ഈ സ്ഥാപനവുമായി ബന്ധപ്പെട്ട ഒരു തിരക്കഥ കാണാനിടയാവുകയും ഇതില്‍ താന്‍ അഭിനയിക്കില്ല എന്ന് പറയുകയും ചെയ്യുന്നുണ്ട്. ഇതിന് പുറമെ ഇതേ സ്ഥാപനത്തെക്കുറിച്ച് മോശം പരാമര്‍ശവും നടത്തുന്നുമുണ്ട്. ഇതേത്തുടര്‍ന്നാണ് ഇവര്‍ കോടതിയെ സമീപിച്ചത്.

Top