താരമായി ‘മെട്രോ മിക്കി’; ദത്തെടുക്കാനായി ആളുകളുടെ പ്രവാഹം

കൊച്ചി: മെട്രോ പില്ലറില്‍ കുടുങ്ങി അഗ്നിശമന സേന രക്ഷപ്പെടുത്തിയ പൂച്ചയ്ക്ക് മെട്രോ മിക്കി എന്ന് പേരിട്ടു. സൊസൈറ്റി ഫോര്‍ ദ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ് അധികൃതരാണ് പൂച്ചക്ക് മെട്രോ മിക്കി എന്ന പേര് നല്‍കിയത്.

ദിവസങ്ങളോളമാണ് അഞ്ച് മാസം പ്രായമുള്ള പൂച്ചക്കുഞ്ഞ് മെട്രോയുടെ തൂണുകള്‍ക്കുള്ളില്‍ കുടുങ്ങി കിടന്നത്. ഇപ്പോള്‍ പനമ്പിള്ളി നഗറിലെ മൃഗാശുപത്രിയില്‍ 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ് മിക്കി. ടാബി ഇനത്തില്‍പ്പെട്ട പൂച്ചക്കുഞ്ഞിന് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍ അറിയിച്ചു.

അതേസമയം വാര്‍ത്തകളില്‍ ഇടം നേടി വൈറലായ പൂച്ചക്കുഞ്ഞിനെ ദത്തെടുക്കാന്‍ നിരവധി ആളുകളാണ് എത്തുന്നത്. പേവിഷ പ്രതിരോധം അടക്കമുള്ള കുത്തിവയ്പ്പുകള്‍ നല്‍കിയ ശേഷം മിക്കിയെ ദത്തു നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് എസ്പിസിഎ അധികൃതര്‍ അറിയിച്ചു. മറ്റ് പൂച്ചകളുളള വീട്ടിലേക്ക് ദത്തു നല്‍കില്ലെന്നും മിക്കിയുടെ പൂര്‍ണ്ണ സംരക്ഷണം ഉറപ്പുവരുത്തനാണിതെന്നും അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് വൈറ്റില ജംഗ്ഷനിലെ മെട്രോ പില്ലറില്‍ പൂച്ച കുടുങ്ങിയത്. തുടര്‍ന്ന് നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് അവര്‍ എത്തി ക്രെയിനുകളും വലകളും ഉപയോഗിച്ച് മണിക്കൂറുകള്‍ പരിശ്രമിച്ചാണ് പൂച്ചയെ പുറത്തെടുത്തത്. തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സയും നല്‍കിയിരുന്നു.

റോഡില്‍ ഗതാഗതം നിയന്ത്രിച്ചാണ് ഫയര്‍ഫോഴ്‌സ് രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചത്. ഗതാഗതം നിയന്ത്രിച്ചതോടെ വാഹനങ്ങളുടെ വലിയ നിര രൂപപ്പെട്ടിരുന്നു.

Top