മരട് ഫ്‌ളാറ്റ് പൊളിക്കല്‍; സ്‌ഫോടനത്തിന് കേന്ദ്രങ്ങള്‍ നിര്‍ണ്ണയിച്ചു, നാളെ മോക്ക് ട്രില്‍

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ നിയന്ത്രിത സ്‌ഫോടനത്തിന് കേന്ദ്രങ്ങള്‍ നിര്‍ണ്ണയിച്ചു. നാല് ഫ്‌ളാറ്റുകളിലേയും അന്തിമ സ്‌ഫോടന സുരക്ഷാപരിശോധനകള്‍ പൂര്‍ത്തിയാക്കിയതായും സ്‌ഫോടനം നിയന്ത്രിക്കാന്‍ മൂന്നു കണ്‍ട്രോള്‍
റൂമുകള്‍ തുറക്കുന്നതായും അധികൃതര്‍ അറിയിച്ചു. ആല്‍ഫാസെറിനും എച്ച് ടു ഒ ഫ്‌ളാറ്റിനും മരട് നഗരസഭയിലും ജെയിന്‍ ഫ്‌ളാറ്റിന് തൊട്ടടുത്തുള്ള സ്വകാര്യ കെട്ടിടത്തിലും ഗോള്ഡന് കായലോരത്തിന് സമീപമുള്ള ജലഗതാഗത പാത ഓഫീസിലുമാവും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്.

സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നാളെയാണ് മോക്ക് ട്രില്‍. പൊളിക്കുന്ന നാല് ഫ്‌ളാറ്റുകളായ എച്ച് ടു ഒ, ആല്‍ഫ സെറിന്‍ ഇരട്ട ടവറുകള്‍, ഗോള്‍ഡന്‍ കായലോരം, ജയിന്‍ കോറല്‍കോവ് തുടങ്ങിയവയില്‍ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ പെസോ നടത്തിയ അന്തിമ പരിശോധനകളില്‍ തൃപ്തി രേഖപ്പെടുത്തി.

സ്‌ഫോടന പ്രഭവ കേന്ദ്രങ്ങളും നിര്‍ണയിച്ചു. ദേശീയപാത ബൈപ്പാസില്‍ നിന്ന് കുണ്ടന്നൂര്‍ പാലത്തിന്റെ തുടക്കത്തിലാണ് എച്ച് ടു ഒയുടെ ബ്ലാസ്റ്റിങ് ഷെഡ്. ഫ്‌ളാറ്റില്‍ നിന്ന് എഴുപത് മീറ്റര്‍ അകലം. ആല്‍ഫയുടേത് കായലിന്റെ മറുകരയിലുള്ള ബിപിസിഎല്‍കെട്ടിടം. ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റിന്റെ വലത് ഭാഗത്ത് നൂറ് മീറ്റര്‍ അകലത്തിലുള്ള വീടിന്റെ കാര്‍പോര്‍ച്ചിലാണ് സ്‌ഫോടന പ്രഭവ കേന്ദ്രം.

ജെയിന് കോറല്‍ കോവിന്റേത് നെട്ടൂര്‍ എസ്എച്ച്എം ഷിപ്പ് ടെസ്റ്റിങ് ഫെസിലിറ്റി സെന്ററിന്റെ താഴത്തെ നിലയും. ആല്‍ഫ സെറിന് സമീപമുള്ള വീടുകളുടെ അധികസുരക്ഷയും എച്ച് ടു ഒക്ക് സമീപമുള്ള പൈപ്പ് ലൈനുകളുടെ സുരക്ഷയും ഐഒസി സംഘം വിലയിരുത്തി.

Top