അഞ്ചില്‍ നാലാമനും നിലംപരിശായി; ജെയിന്‍ കോറല്‍ കോവ് ഇനി ഓര്‍മ

കൊച്ചി: തീരദേശ നിയമം ലംഘിച്ച മരടിലെ ശേഷിച്ച ഫ്‌ളാറ്റായ ജെയിന്‍ കോറല്‍ കോവും നിലം പതിച്ചു. 11.02 നായിരുന്നു കൃത്യം നടന്നത്. 16 നിലകളും 125 അപ്പാര്‍ട്ടുമെന്റുകളുമുള്ള കെട്ടിടമാണ് നിലം പൊത്തിയത്. ഏറ്റവും കൂടുതല്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചിരുന്നതും ഈ ഫ്‌ളാറ്റിലായിരുന്നു.

വെറും ഒമ്പത് സെക്കന്റിലാണ് 16 നില കെട്ടിടം മണ്ണായത്. അവശിഷ്ടങ്ങൾ കായലിലേക്ക് വീഴുമെന്ന് കരുതിയിരുന്നെങ്കിലും കിറുകൃത്യമായിരുന്നു നിയന്ത്രിത സ്ഫോടന നടപടികളെന്ന് തെളിയിച്ചാണ് സമുച്ചയം നിലംപൊത്തിയത്. അവശിഷ്ടങ്ങൾ മതിൽകെട്ടിനകത്ത് നിന്നു. പൊടിപടലങ്ങള്‍ പടര്‍ന്നുപൊങ്ങിയപ്പോള്‍ തന്നെ കാത്തുനിന്ന അഗ്നിശമന യൂണിറ്റ് വെള്ളം തളിച്ചുതുടങ്ങി.

ശനിയാഴ്ച ആദ്യ രണ്ടു ഫ്‌ളാറ്റുകള്‍ വിജയകരമായി പൊളിച്ചതിന്റെ ആത്മവിശ്വാസം കൈമുതലാക്കിയാണ് ജെയ്ന്‍സ് കോറല്‍കോവില്‍ സ്‌ഫോടനം നടത്തിയത്. 10.30നാണ് ആദ്യ സൈറണ്‍ മുഴങ്ങിയത്. പിന്നീട് 10.55 ന് രണ്ടാമത്തെ സൈറണ്‍ മുഴങ്ങി. 11.01 ന്‌ മൂന്നാമത്തെ സൈറണും മുഴങ്ങിയതോടെയാണ്‌ ജെയ്ന്‍സ് കോറല്‍കോവ് നിലംപതിച്ചത്. ജെറ്റ് ഡിമോളിഷന്‍ കമ്പനിയ്ക്കായിരുന്നു ഫ്‌ളാറ്റ് പൊളിയ്ക്കുന്നതിന്റെ ചുമതല.

ഉച്ചക്ക് രണ്ടിനാണ് ഗോള്‍ഡന്‍ കായലോരം പൊളിക്കുന്നത്. പൊളിക്കുന്നതില്‍ ഏറ്റവും ചെറിയ ഫ്‌ളാറ്റാണ് ഗോള്‍ഡന്‍ കായലോരം. രാവിലെ 8 മണി മുതല്‍ വൈകിട്ട് 4 മണി വരെ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്‌.

Top