മരട് ഫ്‌ളാറ്റ് പൊളിക്കല്‍; ഇനി മണിക്കൂറുകള്‍ മാത്രം,8 മണി മുതല്‍ നിരോധനാജ്ഞ

കൊച്ചി: കേരളം ഉറ്റുനോക്കിയ മരട്ഫ്‌ളാറ്റുകള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. രാവിലെ 11മണിക്ക് ഹോളി ഫെയ്ത്ത് എച്ച് ടു ഒ ഫ്‌ളാറ്റും അരമണിക്കൂര്‍ വ്യത്യാസത്തിലാണ് രണ്ടാമത്തെ ഫ്‌ളാറ്റായ ആല്‍ഫ സറീനും പൊളിക്കുക. രാവിലെ എട്ട് മുതല്‍ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

രാവിലെ പത്തരയ്ക്ക് ആദ്യ സൈറണ്‍ മുഴങ്ങും. സ്‌ഫോടനത്തിന്റെ ഓരോ അലര്‍ട്ടുകളും സൈറണ് മുഴക്കിയാണ് പൊതുജനങ്ങളെ അറിയിക്കുന്നത്. ആദ്യത്തേത് സ്‌ഫോടനത്തിന് അര മണിക്കൂര്‍ മുന്‍പാണ് പുറപ്പെടുവിക്കുക.

10.55ന് രണ്ടാം സൈറണ്‍ മുഴങ്ങും. 10.59. നീണ്ട സൈറണ്‍. പതിനൊന്ന് മണിക്ക് ഫ്‌ളാറ്റ് സമുച്ചയം തകര്‍ക്കും. ആകെ നാല് തവണയാണ് സൈറണ്‍ മുഴങ്ങുന്നത്. ഇത് സ്‌ഫോടനം അവസാനിക്കും വരെ നീണ്ടുനില്‍ക്കും.

സൈറണ്‍ മുഴങ്ങി ഒരു മിനിറ്റാകുമ്പോഴേക്കും ഫ്‌ളാറ്റില്‍ സ്‌ഫോടനം നടക്കും. ഹോളിഫെയ്ത്തിന്റെ 200 മീറ്ററിന് പുറത്തുള്ള ചെറുറോഡുകളില്‍ ഈ സമയം ഗതാഗതം നിയന്ത്രിക്കും. കുണ്ടന്നൂര്‍- തേവര പാലത്തിലൂടെയും ഈ സമയം മുതല്‍ വാഹനങ്ങള്‍ കടത്തിവിടില്ല.

ഹോളി ഫെയ്ത്ത് തകരാന്‍ 10 സെക്കന്റ്. ശേഷം വിദഗ്ദ്ധ സംഘം എത്തി സുരക്ഷിതമെന്ന് വ്യക്തമാകുന്നതോടെ ഒരു സൈറണ്‍ കൂടി മുഴക്കും. തുടര്‍ന്ന് ആല്‍ഫാ സെറീന്റെ ഇരട്ട ടവറുകള്‍ പൊളിക്കും. 12 മണിയോടെ ഗതാഗതം പുനസ്ഥാപിക്കുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍ അറിയിച്ചു.

Top