സര്‍ക്കാര്‍ ചെയ്തത് തരംതാഴ്ത്തലല്ല, തരം തിരിക്കല്‍: പ്രതികരിച്ച് ജേക്കബ് തോമസ്‌

കൊച്ചി: ഡിജിപിയില്‍ നിന്ന് എഡിജിപിയാക്കി തരംതാഴ്ത്തിയതില്‍ പ്രതികരിച്ച് ഡിജിപി ജേക്കബ് തോമസ്. തന്നോടുള്ളത് തരംതാഴ്ത്തലല്ല, തരംതിരിക്കലെന്ന് സര്‍ക്കാര്‍ ചെയ്യുന്നത്. പൗരന്മാര്‍ക്ക് അനുസരിക്കുകയേ നിവൃത്തിയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

എസ്.ഐ പോസ്റ്റിനും അതിന്റേതായ വിലയുണ്ടെന്നും രേഖാമൂലം അറിയിപ്പ് കിട്ടിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിരന്തരമായ ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്തെന്ന് ആരോപിച്ചാണ് ജേക്കബ് തോമസിനെതിരെ ഈ നടപടി. നിരന്തരം കേസുകളില്‍പ്പെടുന്നതും തരംതാഴ്ത്താന്‍ കാരണമായി. ഓള്‍ ഇന്ത്യ സര്‍വീസ് റൂള്‍ അനുസരിച്ചാണ് നടപടി.

ഇത് സംബന്ധിച്ച ശിപാര്‍ശ സംസ്ഥാനം കേന്ദ്രത്തിനു കൈമാറി. സര്‍ക്കാരിന്റെ നടപടി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാലേ അന്തിമ തീരുമാനമുണ്ടാകൂ. അതേസമയം ജേക്കബ് തോമസിനോട് സര്‍ക്കാര്‍ വിശദീകരണം തേടും.

സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. മെയ് 31 ന് സര്‍വ്വീസില്‍ വിരമിക്കാനിരിക്കെയാണ് നടപടി. ഇത് ആദ്യമായാണ് സംസ്ഥാനത്ത് ഒരു ഉന്നത ഉദ്യോഗസ്ഥനെ തരം താഴ്ത്തുന്നത്.

Top