ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 6 ലക്ഷം രൂപ വില വരുന്ന ഉണക്ക കഞ്ചാവ് പിടികൂടി

Ganja hunt

കൊച്ചി: ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച ആറു കിലോ ഉണക്ക കഞ്ചാവ് പിടികൂടി. റെയില്‍വേ സംരക്ഷണ സേനയുടെ കീഴിലുള്ള ആന്റി നര്‍കോട്ടിക് സ്‌ക്വാഡാണ് വടക്കന്‍ കേരളത്തില്‍ വിതരണത്തിനായി കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടിയത്. വിപണിയില്‍ ഇതിന് ആറു ലക്ഷം രൂപ വില വരുമെന്നാണ് കണക്കാക്കുന്നത്.

അന്വേഷണ സംഘത്തിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്ന് ട്രെയിനുകളില്‍ സ്‌ക്വാഡ് പരിശോധന ശക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ന് ഉച്ചയ്ക്ക് നേത്രാവതി എക്‌സ്പ്രസില്‍ ജനറല്‍ കംപാര്‍ട്‌മെന്റില്‍ സീറ്റിനടിയില്‍ സംശയാസ്പദമായി കണ്ട ബാഗിനുള്ളില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തത്.

ബാഗിന്റെ ഉടമകളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തേക്ക് ലഹരി എത്തിക്കുന്നതിന്റെ ഹബ്ബായി പ്രവര്‍ത്തിക്കുന്ന കോയമ്പത്തൂരില്‍നിന്ന് ഷൊര്‍ണൂരിലെത്തിച്ച് അവിടെനിന്ന് നേത്രാവതിയില്‍ കയറ്റിയതാകാം എന്നാണ് കരുതുന്നത്. എറണാകുളം ആര്‍പിഎഫ് അസിസ്റ്റന്റ് കമ്മിഷണര്‍ ടി.എസ്. ഗോപകുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐ വര്‍ഗീസ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ പ്രസാദ്, അനീഷ്, കോണ്‍സ്റ്റബിള്‍ ശ്രീനിവാസന്‍ എന്നിവരുടെ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.

Top