‘ഫ്യൂച്ചര്‍ 2020’; പങ്കെടുക്കാന്‍ നൊബേല്‍ ജേതാക്കളായ അഭിജിത് ബാനര്‍ജിയും എസ്തര്‍ ഡഫ്‌ലോയും

തിരുവനന്തപുരം: കേരളത്തിന്റെ ഡിജിറ്റല് സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വേകുന്ന രാജ്യാന്തര ഡിജിറ്റല്‍ ഉച്ചകോടി ‘ഫ്യൂച്ചര്‍ 2020’ ഏപ്രില്‍ 2,3 തിയതികളില്‍ കൊച്ചിയില്‍. സംസ്ഥാന സര്‍ക്കാരിന്റെ ഉന്നതാധികാര ഡിജിറ്റല്‍ ഉപദേശക സമിതി നേതൃത്വം നല്‍കുന്ന ഉച്ചകോടി വേദിയാകുന്നത് ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ ആണ്.

‘ഡിജിറ്റല്‍ ഭാവിയിലേക്ക്’ എന്ന പ്രമേയത്തിലാണ് രണ്ട് ദിവസം നീളുന്ന ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്. ആഗോളതലത്തിലെ ഡിജിറ്റല്‍, ബിസിനസ് മേഖലകളിലെ മുപ്പത്തിയഞ്ചോളം പ്രമുഖ നേതാക്കളും രണ്ടായിരത്തിയഞ്ഞൂറോളം പ്രതിനിധികളും ഉച്ചകോടിയില്‍ പങ്കെടുക്കും.

ഭാവിയിലെ ധനകാര്യ സേവനം, ആരോഗ്യ പരിരക്ഷാമേഖല, തൊഴിലും യുവജനങ്ങളും, യാത്രയും ഗതാഗതമാര്ഗവും, ഉപഭോക്തൃ സ്വഭാവത്തിലെ മാറ്റം എന്നീ വിഷയങ്ങളിലാവും ചര്‍ച്ചകള്‍ നടക്കുക.

ഇത്തവണത്തെ ഉച്ചകോടിയുടെ പ്രധാന പ്രത്യേകത നൊബേല്‍ ജേതാക്കളായ അഭിജിത് ബാനര്‍ജിയേയും എസ്തര്‍ ഡഫ്‌ലോയേയും ക്ഷണിച്ചിട്ടുണ്ട് എന്നതാണ്. മാത്രമല്ല നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്, ബോയിംഗ് ചെയര്‍മാന്‍ ഡേവ് കാല്‍ഹന്‍, എഐജി ചെയര്‍മാന്‍ ഡഗ്ലസ് സ്റ്റീന്‍ലാന്‍ഡ്, സിസ്‌കോ മുന്‍ ചെയര്മാനും സിഇഒയുമായ ജോണ്‍ ചേമ്പേഴ്‌സ് തുടങ്ങി നിരവധി പ്രമുഖരേയും ചര്‍ച്ചകള്‍ക്ക് ക്ഷണിച്ചതായി ഡിജിറ്റല്‍ ഉപദേശക സമിതി ചെയര്‍മാനും ഇന്‍ഫോസിസ് സഹസ്ഥാപകനുമായ എസ്.ഡി. ഷിബുലാല്‍ പറഞ്ഞു.

Top