അനധികൃത ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ രണ്ടാഴ്ചക്കുള്ളില്‍ നീക്കം ചെയ്യണം: ഹൈക്കോടതി

കൊച്ചി: നഗരങ്ങളിലെ വഴിയോരങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന അനധികൃത ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ രണ്ടാഴ്ചക്കുള്ളില്‍ നീക്കം ചെയ്യണമെന്ന ഉത്തരവുമായി ഹൈക്കോടതി. ഇതു സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കാന്‍ ഡിജിപിക്കും ഗതാഗത കമ്മീഷണര്‍ക്കും കോടതി നിര്‍ദേശം നല്‍കി.

മാത്രമല്ല അനധികൃതമായി ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്ക് എതിരെ നടപടിയെടുക്കാന്‍ പൊലീസിന് അധികാരമുണ്ടെന്നും എല്ലാ ബോര്‍ഡുകളും രണ്ടാഴ്ചക്കുള്ളില്‍ നീക്കം ചെയ്യണമെന്നും കോടതി വ്യക്തമാക്കി.
അല്ലാത്ത പക്ഷം നിര്‍ദേശിക്കുന്ന പിഴ ബോര്‍ഡു സ്ഥാപിച്ചവര്‍ നല്‍കേണ്ടി വരുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഇനി മുതല്‍ അനധികൃതമായി ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ ഭൂസംരക്ഷണ നിയമത്തിലെ വകുപ്പുകള്‍ കൂടി ചേര്‍ത്ത് കേസെടുക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു.

ഫ്‌ളക്‌സ്‌ ബോഡുകള്‍ നീക്കം ചെയ്യണമെന്ന ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ആണ് ഹൈക്കോടതിയില്‍ ഉണ്ടായത്. കോടതി ഉത്തരവ് അനുസരിച്ചു അനധികൃത ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ക്ക് എതിരെ നടപടി എടുക്കാന്‍ ഡിജിപിക്ക് അധികാരമില്ലെന്നും ഇത് റോഡ് സുരക്ഷ കമ്മീഷണറുടെ അധികാരത്തില്‍ പെട്ടതാണെന്നും സര്‍ക്കാര്‍ നിലപാട് മാറ്റി. ഇത്രയും കാലം റോഡ് സുരക്ഷ കമ്മീഷണര്‍ എവിടെയായിരുന്നു എന്ന് കോടതി ചോദിച്ചു. കോടതിക്ക് മുന്‍പില്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥത കാണിക്കണം എന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ക്കെതിരെ നടപടി നിര്‍ദേശിച്ച്‌ ഡിജിപിയും റോഡ് സുരക്ഷ കമ്മീഷണറും സര്‍ക്കുലര്‍ ഇറക്കണം എന്ന് കോടതി ഉത്തരവിട്ടു.

Top