ഇന്ന് കാവ്യമാധവന്റെ അമ്മയേയും ഇടവേള ബാബുവിനേയും വിസ്തരിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ കാവ്യ മാധവന്റെ അമ്മ ശ്യാമള മാധവനെയും അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെയും ഇന്ന് വിസ്തരിക്കും. ഏപ്രില്‍ ഏഴ് വരെയാണ് സാക്ഷി വിസ്താരത്തിനായി സമയം അനുവദിച്ചിട്ടുള്ളത്.

ഇതുവരെ കേസില്‍ 38 പേരുടെ സാക്ഷിവിസ്താരമാണ് പൂര്‍ത്തിയായത്. ഇടവേള ബാബുവില്‍ നിന്നും കാവ്യയുടെ അമ്മയില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചേക്കുമെന്നാണ് സൂചന.

അതേസമയം കേസില്‍ സാക്ഷിയായ ഗായിക റിമി ടോമിയെ ഇന്നലെ വിസ്തരിച്ചിരുന്നു. എന്നാല്‍ നടന്‍ കുഞ്ചാക്കോ ബോബന്‍ വിസ്താരത്തിന് എത്തിയില്ല. കഴിഞ്ഞാഴ്ച കുഞ്ചാക്കോ ബോബനോട് കോടതി ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടും ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അവധി അപേക്ഷ നല്‍കാതെ കുഞ്ചാക്കോ ബോബന്‍ ഹാജരാകാതിരുന്നതിനെതിരെ ആയിരുന്നു കോടതിയുടെ നടപടി. എന്നാല്‍ ഇന്നും ഹാജരാകാത്തതിനെ തുടര്‍ന്ന് കുഞ്ചാക്കോ ബോബന്‍ കോടതിയില്‍ അപേക്ഷ നല്‍കി. തുടര്‍ന്ന് വരുന്ന 9 ന് ഹാജരാകാന്‍ കോടതി അനുവദിച്ചിട്ടുണ്ട്.

അതേസമയം, ഇന്നലെ ഹാജരാകേണ്ടിയിരുന്ന മുകേഷും നിയമസഭ നടക്കുന്നതിനാല്‍ അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നു. കേസില്‍ അക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ ആദ്യ 7 സാക്ഷികളുടെ പ്രതിഭാഗം ക്രോസ് വിസ്താരത്തിന്റെ തീയതി ഇന്ന് കോടതി തീരുമാനിക്കും.

Top