അപകടത്തില്‍ പൊലിഞ്ഞത് 4 ജീവന്‍; കാഴ്ച മറയ്ക്കുന്ന കെട്ടിടം പൊളിക്കും

കൊച്ചി: അങ്കമാലി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിന് കാരണമായ കെട്ടിടം പൊളിക്കും. ഇന്ന് രാവിലെയാണ് സ്വകാര്യ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചത്. റോഡില്‍ കയറി നില്‍ക്കുന്ന കടയാണ് അപകട കാരണമാകുന്നതെന്നും ഇത് പൊളിച്ച് മാറ്റാനുള്ള നടപടി വേണമെന്നും സംഭവത്തിന് പിന്നാലെ നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.

കെട്ടിടം പൊളിക്കാന്‍ തയ്യാറാണെന്ന് കെട്ടിടം ഉടമകളില്‍ ഒരാള്‍ വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് ദിവസത്തിനകം പൊളിക്കാമെന്ന് ഉറപ്പ് കിട്ടിയതായി റോജി.എം.ജോണ്‍ എംഎല്‍എ പറഞ്ഞു. പോലീസ് റിപ്പോര്‍ട്ട് കിട്ടിയാല്‍ തുടര്‍നടപടിയെടുക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണും വ്യക്തമാക്കി. അങ്കമാലി സെന്റ് ജോര്‍ജ്ജ് ബസിലിക്കയില്‍ കുര്‍ബാന കൂടിയ ശേഷം ഓട്ടോയില്‍ വീട്ടിലേക്ക് പോകുകയായിരുന്ന സഹോദരിമാരടക്കം നാല് പേരാണ് രാവിലെയുണ്ടായ അപകടത്തില്‍ മരിച്ചത്.

ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ പൂര്‍ണ്ണമായും തകര്‍ന്നു. ഏതാനും മീറ്ററുകള്‍ ഓട്ടോറിക്ഷയെ വലിച്ച് പോയ സ്വകാര്യ ബസ്സ് ദേശീയപാതയിലെ ഒരു കടയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. ബസ്സിനടിയില്‍ പെട്ടുപോയ ഓട്ടോറിക്ഷ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്ത്. അപ്പോഴേക്കും നാലുപേരും മരിച്ചിരുന്നു.
അങ്കമാലി മങ്ങാട്ടുകര സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ജോസഫ്, കല്ലുപാലം സ്വദേശിനി മേരി ജോര്‍ജ്ജ്,മൂക്കന്നൂര്‍ സ്വദേശിനി റോസി തോമസ്,മാബ്ര സ്വദേശിനി മേരി എന്നിവരാണ് മരിച്ചത്.

നാല് പേരുടെ മൃതതേഹം ഉടന്‍ അങ്കമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരടം ഗതാഗത കുരുക്കുണ്ടായി.ആലുവ എസ്പി കെ കാര്‍ത്തിക് അടക്കമുള്ളവര്‍ സ്ഥലത്തെത്തിയിരുന്നു വലിയ തിരക്കനുഭവപ്പെടാത്ത ബാങ്ക് കവലയില്‍ സിഗ്‌നല്‍ സംവിധനങ്ങള്‍ അടക്കം ഇല്ലാത്തതിനാല്‍ അപകടം പതിവാണെന്നും നാട്ടുകാര്‍ പറയുന്നു.

Top