എറണാകുളത്തെ യുവാവിന്റെ മരണം ; പൊലീസിന്റെ ഭാഗത്ത് വീഴ്ച്ചയുണ്ടായെന്ന് അച്ഛന്‍

deadbody

കുമ്പളം: എറണാകുളത്ത് യുവാവ് മരിച്ച സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ച്ചയുണ്ടായെന്ന് കൊല്ലപ്പെട്ട അര്‍ജുന്റെ അച്ഛന്‍ വിദ്യന്‍. അര്‍ജുനെ കാണാതായത് രണ്ടിനാണ്. മൂന്നിന് പ്രിതികളെന്ന് സംശയിക്കുന്നവരുടെ പേരുകള്‍ പൊലീസിന് നല്‍കി. അഞ്ചിന് പ്രതികളായ റോണിയേയും നിബിനെയും പൊലീസില്‍ ഏല്‍പ്പിച്ചുവെന്നും കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കാതെ ഇവരെ പറഞ്ഞു വിടുകയാണുണ്ടായതെന്നും അച്ഛന്‍ പറയുന്നു. ഒമ്പതാം തിയതി വരെ പ്രതികളുടെ മൊഴി എടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചു.

എറണാകുളം കുമ്പളം സ്വദേശി അര്‍ജുന്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. നെട്ടൂരില്‍ കായലോരത്തെ കുറ്റിക്കാട്ടില്‍ ചെളിയില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയിലാണ് അര്‍ജുന്റെ മൃതദേഹം കണ്ടെത്തിയത്. നെട്ടൂര്‍ മേല്‍പ്പാലത്തിനു വടക്ക് ഭാഗത്ത് ഒരു കിലോമീറ്റര്‍ അകലെ റെയില്‍വേ ട്രാക്കിന് പടിഞ്ഞാറു ഭാഗത്തായി ആള്‍ താമസമില്ലാത്ത കണിയാച്ചാല്‍ ഭാഗത്ത് കുറ്റിക്കാടിനുള്ളിലെ ചെളിയിലാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

ഒരാഴ്ച മുമ്പാണ് അര്‍ജുനെ കാണാതായതായി പനങ്ങാട് പൊലീസിന് പരാതി ലഭിച്ചത്. കഴിഞ്ഞ രണ്ടാം തീയതി മുതല്‍ അര്‍ജുന്‍ (20) എന്ന വിദ്യാര്‍ഥിയെ കാണാനില്ലെന്ന് അറിയിച്ച് കുടുംബം പനങ്ങാട് പൊലീസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍, പൊലീസ് വേണ്ടത്ര ഗൗരവത്തില്‍ കേസന്വേഷണം നടത്തിയില്ല എന്ന് വ്യാപകമായി പരാതിയും ഉയര്‍ന്നിരുന്നു. കുമ്പളം മാന്നനാട്ട് വീട്ടില്‍ എം.എസ്. വിദ്യന്റെ മകനാണ് അര്‍ജുന്‍.

Top