കൊച്ചിയിൽ നടക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിൽ വള്ളമിറക്കാൻ കൊച്ചി വാട്ടർ മെട്രോ

കൊച്ചി: കൊച്ചിയിൽ നടക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിൽ വള്ളമിറക്കാൻ കൊച്ചി വാട്ടർ മെട്രോയും. പ്രാദേശിക വള്ളങ്ങളുടെ വിഭാഗത്തിൽ വാട്ടർ മെട്രോയുടെ താനിയൻ വള്ളവും തുഴയെറിയും. നാടും നഗരവും വള്ളംകളിയുടെ ആവേശത്തിൽ മുഴുകമ്പോൾ എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുന്ന മൂന്നാമത് ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമാവുകയാണ് കൊച്ചി വാട്ടർ മെട്രോയും.

പൊതുസമ്മേളനത്തിന് ശേഷം ഉച്ചക്ക് രണ്ടിന് മാസ് ഡ്രില്ലിന്റെ അകമ്പടിയോടെയാണ് വള്ളംകളി മത്സരങ്ങൾ ആരംഭിക്കുക. അതേസമയം, വള്ളംകളി മത്സരങ്ങൾ നടക്കുന്നതിനാൽ നാളെ (16.9.23) കൊച്ചി വാട്ടർ മെട്രോയുടെ ഹൈക്കോർട്ട് – വൈപ്പിൻ റൂട്ടിലെ സർവ്വീസുകൾ പരിമതിപ്പെടുത്തിയിട്ടുണ്ട്. നാളെ ഉച്ചക്ക് രണ്ട് മണി മുതൽ വൈകിട്ട് 6 മണി വരെ ഈ റൂട്ടിൽ കൊച്ചി വാട്ടർ മെട്രോ സർവ്വീസ് ഉണ്ടായിരിക്കുന്നതല്ല. മറ്റ് റൂട്ടിലെ സർവ്വീസുകൾ മാറ്റമില്ലാതെ തുടരും.

കൊച്ചിക്ക് പിന്നാലെ കൊല്ലത്തും വാട്ടര്‍ മെട്രോ വരും. പദ്ധതി കൊല്ലത്ത് യാഥാർത്ഥ്യമാക്കുന്നതിനായി ജലഗതാഗത വകുപ്പുമായി മേയര്‍ പ്രസന്ന ഏണസ്റ്റ് പ്രാഥമിക ചര്‍ച്ച നടത്തി. വിനോദസഞ്ചാരം കൂടി ലക്ഷ്യമാക്കിയാണ് കൊല്ലം വാട്ടര്‍ മെട്രോ പദ്ധതി ആവിഷ്കരിക്കുന്നത്. കൊച്ചിയിൽ വൻ വിജയമായ സാഹചര്യത്തിലാണ് വാട്ടർ മെട്രോ പദ്ധതി കൊല്ലത്തേക്ക് കൂടി എത്തിക്കുന്നത്.

കൊല്ലത്ത് അഷ്ടമുടി കായലിൽ ഗതാഗത വിപുലീകരണത്തിന് സഹയാകരമാകുന്ന നിലയിലാണ് കൊല്ലം വാട്ടർ മെട്രോയുടെ പ്രാരംഭ ചര്‍ച്ച തുടങ്ങിയിരിക്കുന്നത്. കൊല്ലം കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ഉയര്‍ന്ന് വന്ന പൊതു അഭിപ്രായമാണ് ജൈവ വൈവിധ്യ സര്‍ക്യൂട്ട് പദ്ധതിയുമായി ബന്ധിപ്പിച്ച് മുന്നേറുന്നത്. ആദ്യഘട്ടത്തിൽ മൺറോതുരുത്തിലേക്കാവും വാട്ടർ മെട്രോ സർവീസ്. പിന്നീട് പരവൂരിലേക്കും ചവറയിലേക്കും പദ്ധതി നീട്ടും.

Top