സൗത്ത് ചിറ്റൂരിലേക്ക് ഉടന്‍ സര്‍വ്വീസ് ആരംഭിക്കാന്‍ ഒരുങ്ങി കൊച്ചി വാട്ടര്‍ മെട്രോ

കൊച്ചി:സൗത്ത് ചിറ്റൂരിലേക്ക് ഉടന്‍ സര്‍വ്വീസ് ആരംഭിക്കാന്‍ ഒരുങ്ങി കൊച്ചി വാട്ടര്‍ മെട്രോ. മന്ത്രി പി രാജീവ് നടത്തിയ അവലോകന യോഗത്തിലാണ് തീരുമാനം. പ്രവര്‍ത്തനമാരംഭിച്ച് മാസങ്ങള്‍ക്കകം ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും ശ്രദ്ധയാകര്‍ഷിച്ച സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ കൊച്ചി വാട്ടര്‍ മെട്രോ കൂടുതല്‍ ടെര്‍മിനലുകളിലേക്ക് സര്‍വ്വീസ് വ്യാപിപ്പിക്കാനൊരുങ്ങുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.

ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ ടെര്‍മിനലില്‍ നിന്നാണ് സൗത്ത് ചിറ്റൂരിലേക്കുള്ള സര്‍വ്വീസ് ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഓരോ സര്‍വ്വീസ് വീതം ആരംഭിക്കാനാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ നേതൃത്വത്തിലുള്ള വിവിധ പദ്ധതികളുടെ അവലോകനത്തിനായി മന്ത്രി പി രാജീവ് വിളിച്ച യോഗത്തിലാണ് ഇത് തീരുമാനമായത്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നിന്ന് പണിപൂര്‍ത്തികരിച്ച് നല്‍കാനുള്ള ബോട്ടുകള്‍ ലഭിക്കുന്നതനുസരിച്ച് സൗത്ത് ചിറ്റൂരിലേക്കുള്ള സര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ഏലൂര്‍, ചേരാനെല്ലൂര്‍ റൂട്ടില്‍ സര്‍വീസ് ആരംഭിക്കുകയും ചെയ്യാനാണ് തീരുമാനം ആയിരിക്കുന്നത്.

ലഭിക്കാനുള്ള 11 ബോട്ടുകള്‍ വേഗത്തില്‍ നല്‍കുന്നതിനായി കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ചീഫ് മാനേജിംഗ് ഡയറക്ടറുമായി നേരിട്ട് ചര്‍ച്ച നടത്തുമെന്ന് മന്ത്രി അറിയിച്ചു. വികസന സാധ്യതകളേറെയുള്ള വാട്ടര്‍ മെട്രോയുടെ സുഗമമായ നടത്തിപ്പിനായി മെട്രോ റെയിലില്‍ നിലവിലുള്ളതിന് സമാനമായ നിയമ നിര്‍മ്മാണം നടത്താന്‍ കെഎംആര്‍എല്‍ ജലഗതാഗത വകുപ്പുമായി ചേര്‍ന്ന് ചര്‍ച്ച നടത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

നോണ്‍ മോട്ടോറൈസ്ഡ് ട്രാന്‍സ്‌പോര്‍ട്ട് ഇനിഷിയേറ്റീവിന്റെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുരോഗമിക്കുന്ന നടപ്പാത, മീഡിയനുകളുടെ നിര്‍മ്മാണത്തില്‍ കെഎംആര്‍എല്‍ നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ചയായി. വിവിധ വകുപ്പുകളുടെ ഏകോപനം ആവശ്യമായതിനാല്‍ ആലുവ , കടവന്ത്ര, എസ് എ റോഡ് മേഖലയില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കെഎംആര്‍എല്‍ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ്, കെഎസ്ഇബി, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, വിവിധ മുനിസിപ്പാലിറ്റികള്‍, മൊബൈല്‍ സര്‍വ്വീസ് ദാതാക്കള്‍ എന്നിവരുടെ സഹകരണം ഉറപ്പുവരുത്തുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയ മന്ത്രി 2026 മാര്‍ച്ചില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുവാനുള്ള നടപടികള്‍ കെഎംആര്‍എല്‍ സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചു.

ഫീഡര്‍ സര്‍വ്വീസുകള്‍ക്കായി കെഎംആര്‍എല്‍ വാങ്ങുവാന്‍ ഉദ്ദേശിക്കുന്ന ഇലക്ട്രിക് ബസ്സുകള്‍ പൊതുജനങ്ങള്‍ക്ക് ഏറ്റവും ഉപകാരപ്പെടുന്ന തരത്തില്‍ മെട്രോ സ്റ്റേഷനുകളില്‍ നിന്ന് സര്‍വ്വീസ് നടത്തുന്നതിന് ഗതാഗത വകുപ്പുമായി വിഷയം സംസാരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. കനാല്‍ പുനരുദ്ധാരണ പദ്ധതി വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഇടപ്പള്ളി കനാല്‍, നാല് സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിനായുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കിഫ്ബിയോട് ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു. ചിലവന്നൂര്‍ ബണ്ട് റോഡ് പാലം, മാര്‍ക്കറ്റ് കനാല്‍ നവീകരണം എന്നിവ സമയബന്ധിതമായി തീര്‍ക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

കൊച്ചി മെട്രോയുടെ ആദ്യ ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെര്‍മിനല്‍ സ്റ്റേഷന്‍ ഫെബ്രുവരിയോടെ പ്രവര്‍ത്തന സജ്ജമാക്കുന്നതും ചര്‍ച്ചയായി. കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടം അയ്യമ്പുഴ ഗിഫ്റ്റ് സിറ്റിയുമായി ബന്ധിപ്പിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കണമെന്ന് മന്ത്രി ശ്രീ.പി.രാജീവ് ആവശ്യപ്പെട്ടു. സാങ്കേതിക സാധ്യതകള്‍ അനുകൂലമാണെങ്കില്‍ മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുന്ന സിയാല്‍ എയര്‍പോര്‍ട്ട് മെട്രോ സ്റ്റേഷന്‍ ഭൂഗര്‍ഭ സ്റ്റേഷനാക്കാവുന്നതാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

സര്‍വ്വീസ് ആരംഭിച്ച് ചുരുങ്ങിയ കാലയളവില്‍ 2022-23 സാമ്പത്തിക വര്‍ഷം പ്രവര്‍ത്തന ലാഭം നേടാനായതില്‍ കെഎംആര്‍എല്ലിനെ മന്ത്രി അഭിനന്ദിച്ചു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ നേൃത്വത്തില്‍ നടക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി മന്ത്രിതല അവലോകന യോഗങ്ങള്‍ സംഘടിപ്പിക്കാമെന്നുള്ള നിര്‍ദ്ദേശവും പി രാജീവ് മുന്നോട്ട് വച്ചു. കെ.എംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ, ഡയറക്ടര്‍മാരായ എസ് അന്നപൂരണി, എം പി രാംനവാസ്, സഞ്ജയ് കുമാര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Top