ഐ.പി.എല്ലിലേക്കുള്ള കൊച്ചി ടസ്‌കേഴ്‌സിന്റെ തിരിച്ചുവരവ് അനിശ്ചിതത്വത്തില്‍

കൊച്ചി: കൊച്ചി ടസ്‌കേഴ്‌സ് കേരള ടീമിന്റെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്കുള്ള തിരിച്ചു വരവ് മങ്ങുന്നു.

2011 ല്‍ ബി.സി.സി.ഐ.യുമായുള്ള കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചെന്നാരോപിച്ച് കൊച്ചി ടീമിനെ പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് ടസ്‌ക്കേഴ്‌സ് ഉടമകള്‍ ആര്‍ബിട്രേഷന്‍ കോടതിയെ സമീപിക്കുകയും കോടതി ഉത്തരവു പ്രകാരം 600 കോടിയോളം രൂപ ബി.സി.സി.ഐ. കൊച്ചി ടീമിനു നല്‍കണമെന്ന് വ്യവസ്ഥ ചെയ്യപ്പെട്ടിരുന്നു.

അനുകൂല വിധിക്കായി ക്രിക്കറ്റ് ബോര്‍ഡ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. എങ്കിലും വിധി വരുന്നതിനു മുന്‍പ് പ്രശ്‌നം തീര്‍പ്പാക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ല.

കൊച്ചി ടീമിന് അനുകൂലമായി വിധിയുണ്ടായത് കഴിഞ്ഞ നാലു വര്‍ഷം നീണ്ട ആര്‍ബിട്രേഷന്‍ നടപടികള്‍ക്ക് ശേഷമാണ്. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും അടുത്ത വര്‍ഷം ഐ.പി.എല്ലിലേക്ക് തിരിച്ചെത്താനിരിക്കെ മൂന്നാമതൊരു ടീം കൂടി വരാനുള്ള സാധ്യത ക്രിക്കറ്റ് ബോര്‍ഡ് കേന്ദ്രങ്ങള്‍ തള്ളി.

കൊച്ചി ടീമിനെ തിരിച്ചെടുക്കണമെന്ന് ഉടമകള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ആര്‍ബിട്രേഷന്‍ വിധി പ്രകാരം കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടു പോകാനാണ് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം. ഇതിനെതിരെ ഉടമകള്‍ കോടതിയില്‍ പോകുമോ എന്നതില്‍ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.

രാജീവ് ശുക്ല ചെയര്‍മാനായുള്ള ഏഴംഗ കമ്മിറ്റിയെ ലോധ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിനായി ബി.സി.സി.ഐ. ചുമതലപ്പെടുത്തിയിട്ടുണ്ട്.

അടുത്ത മാസം 14 ന് സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കും എന്നതിനാല്‍ ജൂലൈ പത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് സൗരവ് ഗാംഗുലി, ടി.സി. മാത്യു, നാബ ഭട്ടാചാര്‍ജി, ജെയ് ഷാ, അനിരുദ്ധ് ചൗധരി, അമിതാഭ് ചൗധരി എന്നിവര്‍് അംഗങ്ങളായ കമ്മിറ്റിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

മുംബൈയില്‍ ചേര്‍ന്ന പ്രത്യേക ജനറല്‍ബോഡി യോഗത്തില്‍ വൈസ് പ്രസിഡന്റ് ടി.സി. മാത്യു അധ്യക്ഷത വഹിച്ചു.

Top