കൊച്ചി സെന്റ് ആല്‍ബര്‍ട്സ സ്‌കൂള്‍ ഗ്രൗണ്ടിലെ മരക്കൊമ്പൊടിഞ്ഞ് വീണു; അഞ്ചാം ക്ലാസ് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്

കൊച്ചി: എറണാകുളം ജില്ലയിലെ കൊച്ചി സെന്റ് ആല്‍ബര്‍ട്സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ തണല്‍മരത്തിന്റെ കൊമ്പൊടിഞ്ഞ് വീണ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. ബോള്‍ഗാട്ടി തേലക്കാട്ടുപറമ്പില്‍ സിജുവിന്റെ മകന്‍ അലന്റെ തലയേട്ടിക്കാണ് പൊട്ടലേറ്റത്. കൊച്ചിയിലെ ആസ്റ്റര്‍ മെഡ്സിറ്റിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് കുട്ടി. കഴിഞ്ഞ ദിവസം വൈകിട്ട് 4 മണിയോടെയാണ് അപകടമുണ്ടായത്.

ക്ലാസ് വിട്ട് കുട്ടികള്‍ പുറത്തേക്ക് വരുന്ന സമയത്താണ് ശക്തമായ കാറ്റില്‍ സ്‌കൂള്‍ ഗ്രൗണ്ടിലുള്ള മരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീണത്. ഇതിനടിയില്‍ പെട്ട് തലക്ക് ആഴത്തില്‍ പരിക്കേറ്റ് അബോധാവസ്ഥയിലായ കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. തലയോട്ടിക്ക് പൊട്ടലുണ്ടെന്നും കൂടുതല്‍ വിശദമായ പരിശോധനക്ക് ശേഷമേ ശസ്ത്രക്രിയ വേണ്ടിവരുമോ എന്ന് പറയാന്‍ വ്യക്തമാക്കാന്‍ കഴിയൂ എന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം എറണാകുളത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. മഴക്കാലത്തിന് മുമ്പ് സ്‌കൂള്‍ ഗ്രൗണ്ടിലെ അപകടാവസ്ഥയിലുള്ള മരച്ചില്ലകള്‍ മുറിച്ചു മാറ്റാത്തതാണ് അപകടകാരണമായതെന്ന് പരിസരവാസികള്‍ പറഞ്ഞു. അലന്റെ ചികിത്സക്ക് സാന്പത്തിക പിന്തുണ നല്‍കാന്‍ സഹകരിക്കണമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു.

Top