വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന പരാതി; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്ത് കൊച്ചി പൊലീസ്

കൊച്ചി: കളമശേരി സ്ഫോടന കേസില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന പരാതി. രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്ത് കൊച്ചി പൊലീസ്. സ്ഫോടനത്തിന് പിന്നാലെ രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. സ്വന്തം പറമ്പില്‍ പാമ്പിനെ വളര്‍ത്തിയാല്‍ അയല്‍വാസിയെ മാത്രമല്ല, വീട്ടുടമസ്ഥനെയും കടിക്കുമെന്ന തരത്തിലായിരുന്നു പോസ്റ്റ്. പിന്നാലെ കേന്ദ്രമന്ത്രിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിന് തുടര്‍ച്ചയായാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഒരു മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ട കാര്യമല്ല ഇത്തരം പരാമര്‍ശങ്ങളെന്നും ഒരു വര്‍ഗീയതയോടും കേരളം വിട്ടുവീഴ്ച ചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യ രാജ്യത്ത് തന്നെ ഒരു തുരുത്താണ് കേരളം. അത് ലോകവും രാജ്യവും അംഗീകരിച്ചതാണ്. അത് അദ്ദേഹത്തിന് മനസിലാകില്ല. കേരളത്തിന്റെ തനിമ കളയാന്‍ ആരെയും അനുവദിക്കില്ല. രാജീവ് ചന്ദ്രശേഖര്‍ വെറും വിഷമല്ല, കൊടും വിഷമാണെന്നും അത് അദ്ദേഹത്തിന് ഒരു അലങ്കാരമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

അതേസമയം കളമശേരി സ്ഫോടന കേസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. വിദ്വേഷപരമായ പോസ്റ്റുകളോ വര്‍ഗീയ പരാമര്‍ശം നടത്തുന്ന പരാമര്‍ശങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ നീക്കം.

Top