അമ്മയെ കൊല്ലാന്‍ ശ്രമിച്ച മകനെ ഹോംനഴ്‌സ് കൊലപ്പെടുത്തി

കൊച്ചി: പാലാരിവട്ടത്ത് അമ്മയെ കൊല്ലാന്‍ ശ്രമിച്ച മകനെ വീട്ടിലെ ഹോം നഴ്സ് കുത്തിക്കൊന്നു. പാലാരിവട്ടം കളവത്ത് റോഡില്‍ ചെല്ലിയംപുറം തോബിയാസ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഹോം നഴ്സ് ലോറന്‍സിനെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.

ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. തോബിയാസ് അമ്മയുടെ കഴുത്ത് ഞെരിക്കുന്നത് കണ്ട് പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. കഴിയാതെ വന്നപ്പോള്‍ കത്തികൊണ്ട് കുത്തുകയായിരുന്നെന്നുമാണ് ലോറന്‍സ് മൊഴി നല്‍കിയത്.

തോബിയാസിന് കുത്തേറ്റതോടെ അമ്മ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് ഇവരുടെ മകളാണ് പോലീസിനെ വിവരമറിയിച്ചത്. പോലീസ് എത്തുമ്പോഴേക്കും രക്തം വാര്‍ന്ന് തോബിയാസിന് മരണം സംഭവിച്ചിരുന്നു. ലോറന്‍സിനെ പോലീസ് ഉടന്‍തന്നെ കസ്റ്റഡിയിലെടുത്തു.

പലതവണ കഞ്ചാവ് കേസില്‍ പെട്ടിട്ടുള്ളയാളാണ് കൊല്ലപ്പെട്ട തോബിയാസെന്നും ലഹരിക്ക് അടിമയായിരുന്നുവെന്നുമാണ് പോലീസ് സൂചിപ്പിച്ചത്.
തൃശൂര്‍ സ്വദേശിയായ ലോറന്‍സ് ഒരു വര്‍ഷമായി ഇവിടെ ഹോം നഴ്സായി ജോലി നോക്കുന്നു. തോബിയാസ് അമ്മയെയും ലോറന്‍സിനെയും ഇതിന് മുമ്പും അപകടപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം.

Top