എംല്‍എയുടെ കൈക്ക് പൊട്ടലുണ്ടെന്ന നിലപാടില്‍ ഉറച്ച് സിപിഐ ജില്ലാ സെക്രട്ടറി പി രാജു

കൊച്ചി: കൊച്ചിയിലെ ഡിഐജി ഓഫീസ് മാര്‍ച്ചിനിടെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജില്‍ എല്‍ദോ എബ്രഹാം എംല്‍എയുടെ കൈക്ക് പൊട്ടലുണ്ടെന്ന നിലപാടില്‍ ഉറച്ച് സിപിഐ ജില്ലാ സെക്രട്ടറി പി രാജു. സര്‍ക്കാര്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കൈ ഒടിഞ്ഞിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് പൊലീസ് അതിക്രമത്തെ കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന ജില്ലാ കളക്ടര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും പി രാജു വ്യക്തമാക്കി.

സംഘര്‍ഷത്തിലും പൊലീസ് ലാത്തിച്ചാര്‍ജിലും എംഎല്‍എയുടെ ഇടതുകൈ ഒടിഞ്ഞെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് ഇടതു കൈ പ്ലാസ്റ്ററിട്ടുകൊണ്ടുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു.

എന്നാല്‍ എംഎല്‍എയുടെ കൈയുടെ എല്ലിന് ഏതെങ്കിലും തരത്തില്‍ ഒടിവോ, പൊട്ടലോ ഉള്ളതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നില്ലെന്നാണ് വിവരം. മെഡിക്കല്‍ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് കൈമാറി. അതേസമയം എംഎല്‍എയുടെ കൈയുടെ പരിക്കില്‍ അന്വേഷണം വേണമെന്ന് പൊലീസും ആവശ്യപ്പെട്ടിട്ടുണ്ട്.

പൊലീസ് ലാത്തിച്ചാര്‍ജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കളക്ടര്‍ എംഎല്‍എ ജനപ്രതിനിധികള്‍, സിപിഐ പ്രവര്‍ത്തകര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്നെല്ലാം ഇന്നലെ മൊഴിയെടുത്തിരുന്നു. വിശദമായ അന്വേഷണ റിപ്പോര്‍ട്ട് കളക്ടര്‍ തിങ്കളാഴ്ച മുഖ്യമന്ത്രിക്ക് കൈമാറുമെന്നാണ് സൂചന. പൊലീസ് ലാത്തിച്ചാര്‍ജിനെച്ചൊല്ലി സിപിഐയിലും ഭിന്നത തുടരുകയാണ്.

ഡിഐജി ഓഫീസ് മാര്‍ച്ചിലുണ്ടായ ലാത്തിച്ചാര്‍ജ് വിവാദത്തില്‍ എറണാകുളം ജില്ലാ സെക്രട്ടറിക്ക് വീഴ്ച പറ്റിയെന്ന് സിപിഐ സംസ്ഥാന നേതൃത്വം ആരോപിച്ചു. ഡിഐജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത് പാര്‍ട്ടി അറിയാതെയാണെന്ന് സംസ്ഥാന നേതൃത്വം പറയുന്നു. പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിനാണ് സംസ്ഥാനകമ്മിറ്റി അനുമതി നല്‍കിയതെന്നാണ് വിശദീകരണം. അക്രമം ഇല്ലാതെ സമാധാനപരമായ മാര്‍ച്ചിനായിരുന്നു നിര്‍ദേശമെന്നും ജില്ലാകമ്മിറ്റി ഈ നിര്‍ദേശം അട്ടിമറിച്ചെന്നും സംസ്ഥാനനേതൃത്വം ആരോപിക്കുന്നു.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന സിപിഐ ജില്ലാ എക്സിക്യൂട്ടീവിലും മണ്ഡലം ഭാരവാഹികളുടെ യോഗത്തിലും സംസ്ഥാന നേതൃത്വത്തിനെതിരെ കനത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. പാര്‍ട്ടി തീരുമാനത്തെയാണ് കാനം രാജേന്ദ്രന്‍ തള്ളിപ്പറഞ്ഞതെന്നും ലാത്തിചാര്‍ജ് വിഷയത്തില്‍ സിപിഐ സംസ്ഥാന നേതൃത്വം പരസ്യമായി മാപ്പ് പറയണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന നേതൃത്വം വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

വീഴ്ച പറ്റിയത് എറണാകുളം ജില്ലാ കമ്മിറ്റിക്കാണെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം, പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്താനാണ് സംസ്ഥാന നേതൃത്വത്തോട് അനുമതി തേടിയതെന്നും അക്രമ സംഭവങ്ങളുണ്ടാകരുതെന്ന പ്രത്യേക നിര്‍ദ്ദേശത്തോടെയാണ് അനുമതി നല്‍കിയതെന്നും സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നു.

പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ജില്ലാ നേതൃത്വം സ്വന്തം നിലയില്‍ ഡിഐജി ഓഫീസ് മാര്‍ച്ചാക്കി മാറ്റിയെന്നും മാര്‍ച്ചിന്റെ ഉല്‍ഘാടനം കഴിഞ്ഞ് ഏറെ വൈകി ആക്രമം നടന്നത് ജില്ലാ കമ്മിറ്റിയുടെ വീഴ്ചയായി തന്നെയാണ് സംസ്ഥാന നേതൃത്വം കണക്കാക്കുന്നത്. പാര്‍ട്ടി തലത്തില്‍ തെറ്റിദ്ധരിപ്പിക്കലുണ്ടായെന്നും സംസ്ഥാന നേതൃത്വം ആരോപിക്കുന്നു. സംഭവത്തെക്കുറിച്ചുള്ള കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം പാര്‍ട്ടിക്കുള്ളില്‍ അന്വേഷണവും നടപടികളും ഉണ്ടായേക്കും എന്നാണ് സൂചന.

Top